Kerala

കെ-റെയിൽ പദ്ധതി പരിശോധിച്ച കേന്ദ്രത്തിന്റെ പച്ചക്കൊടി എവിടെ?; തത്വത്തിൽ അംഗീകാരം ലഭിച്ചെന്ന് പറഞ്ഞ് സർക്കാർ കബളിപ്പിച്ചെന്ന് കെ സുധാകരൻ

സിൽവർ ലൈൻ പദ്ധതിയ്ക്ക് തത്വത്തിൽ അംഗീകാരം ലഭിച്ചെന്ന് പറഞ്ഞ് സർക്കാർ കബളിപ്പിച്ചെന്ന് കെപിസി സി അധ്യക്ഷൻ കെ സുധാകരൻ. കെ റെയിൽ പദ്ധതി പരിശോധിച്ച കേന്ദ്രത്തിന്റെ പച്ചക്കൊടി എവിടെയെന്ന് അദ്ദേഹം ചോദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാൽ ഇതിന് മറുപടി നൽകണം. ഇക്കാര്യത്തിൽ കോൺഗ്രസിനെ സംബന്ധിച്ച് നിലപാട് വ്യക്തമാണ്. പദ്ധതിക്ക് കോൺഗ്രസ് എതിരല്ല ഗുണകരമെന്ന് ബോധ്യപ്പെടുത്താനാണ് പറയുന്നതെന്നും കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്‌തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിൽവർ ലൈൻ പദ്ധതിക്ക് കോൺഗ്രസ് എതിരല്ല. എന്നാൽ പദ്ധതിയുടെ എല്ലാ വശങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തണം. ജനങ്ങളുടെ ആശങ്ക മാറ്റണം. വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ കേരളത്തിന് കഴിയില്ലെന്നും വലിയ പദ്ധതി കൊണ്ട് വരുമ്പോൾ വിശദമായ ഡി.പി.ആർ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

കെ-റെയിൽ പദ്ധതി നാടിന് ഗുണകരമാണെന്ന് സർക്കാർ ബോധ്യപ്പെടുത്തിയാൽ പിന്തുണയ്ക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞിരുന്നു . സിൽവർ ലൈൻ പദ്ധതിക്ക് ഇപ്പോൾ അനുമതി നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതിനു പിന്നാലെയായിരുന്നു കെ സുധാകരന്റെ പ്രതികരണം. ഇതുവരെ ചെയ്തതെല്ലാം നിയമ വിരുമാണെന്ന് സമ്മതിക്കാൻ സർക്കാർ തയാറാകണമെന്നും സർക്കാർ ജനങ്ങളോട് മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതുപോലെ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ ശ്രമിച്ചത് കിരാതമായ നടപടിയാണെന്ന് സുധാകരൻ വിമർശിച്ചിരുന്നു.

അതേസമയം സിൽവർ ലൈൻ വിഷയം രാജ്യസഭയിൽ ഉന്നയിച്ച് സിപിഐഎം. എളമരം കരീമാണ് വിഷയം രാജ്യസഭയിൽ ഉന്നയിച്ചത്.എന്നാൽ സർക്കാരിന്റെ സ്വപ്‍നപദ്ധതിയായ അതിവേഗ റെയില്‍പ്പാതയായ സില്‍വര്‍ ലൈനിന് തത്കാലം അനുമതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ അറിയിച്ചിരുന്നു. .

യു ഡി എഫിന്റെ എം പിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ മുരളീധരന്‍ എന്നിവരുടെ ചോദ്യത്തിന് മറുപടിയായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്. കേരളം നല്‍കിയ ഡി പി ആര്‍ പൂര്‍ണമല്ല, പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സില്‍വര്‍ ലൈനിന് കേന്ദ്രം അംഗീകാരം നിഷേധിച്ചത്. കെ റെയില്‍ ആണ് സിൽവർ ലൈൻ നടപ്പാക്കുന്നത്.