കെ-റെയിൽ പദ്ധതിയുടെ പ്രത്യാഘാതങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. അടുത്താഴ്ച മുതൽ ലഘുലേഖകളുമായി യു ഡി എഫ് വീട് കയറി പ്രചാരണം നടത്തും. പ്രസംഗവും പത്ര സമ്മേളനവും നിർത്തി സമരമുഖത്തേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളോട് മുഖ്യമന്ത്രി മാപ്പ് പറയണം. സ്വന്തം ഏജൻസിയെ വച്ച് പണം തട്ടിപ്പ് സ്വപ്നം കാണേണ്ട. സാമൂഹികാഘാത പഠനം വൈകിവന്ന വിവേകമെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി. ഇതിനിടെ കെ റെയിൽ സിൽവർ ലൈൻ പദ്ധതി വരേണ്യ വിഭാഗത്തിന് വേണ്ടി മാത്രമുള്ള പദ്ധതിയാണെന്ന് തെളിയുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്നത് ചുരുക്കം ചില വിവരങ്ങളാണ്. അതിലൂടെ തന്നെ പദ്ധതി എത്ര പരാജയമാകുമെന്ന് ബോധ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി വിജയിക്കണമെങ്കിൽ ബസ് ചാർജ് കൂട്ടേണ്ടി വരും. ദേശീയപാതാ വികസിപ്പിക്കാതിരിക്കണം, അഥവാ വികസിപ്പിച്ചാൽ ടോൾ നിരക്ക് കൂട്ടേണ്ടി വരും. ട്രെയിനിൽ എസി ക്ലാസ് ടിക്കറ്റുകളുടെ തുക വർധിപ്പിക്കേണ്ടിയും വരും. എങ്കിൽ മാത്രമേ സിൽവർ ലൈനിൽ ആള് കയറൂവെന്ന് വിഡി സതീശൻ പറഞ്ഞു. കോർപ്പറേറ്റ് ആഭിമുഖ്യം ഇടത് സർക്കാരിനെ സ്വാധീനിച്ചുവെന്നതിന് തെളിവാണ് കെ റെയിൽ പദ്ധതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.