Kerala

ഇന്ധന നികുതി; സര്‍ക്കാരിനെ സമരങ്ങള്‍ കൊണ്ട് മുട്ടുകുത്തിക്കും; കെ സുധാകരന്‍

ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സര്‍ക്കാരിനെ പ്രക്ഷോഭങ്ങള്‍ കൊണ്ട് മുട്ടുകുത്തിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി. നികുതി കുറയ്ക്കുന്നതുവരെ പിണറായി സര്‍ക്കാരിന് ഉറക്കമില്ലാത്ത രാവുകളാണ് വരാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

18,355 കോടി രൂപയാണ് ഇന്ധനനികുതിയിനത്തില്‍ സര്‍ക്കാരിനു ലഭിച്ചത്. മോദി സര്‍ക്കാര്‍ ഇന്ധന വിലയും നികുതിയും കൂട്ടിയപ്പോള്‍ അതിനോടൊപ്പം സംസ്ഥാന നികുതി കൂട്ടിയും കേന്ദ്രത്തിന്റെ കൊള്ളമുതലില്‍ പങ്കുപറ്റി. അധികാരം ഇവരെ മത്തുപിടിപ്പിച്ചിരിക്കുകയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

ഹെലിക്കോപ്റ്റര്‍ വാങ്ങാനും കൊലയാളികള്‍ക്കുവേണ്ടിയും പാര്‍ട്ടിക്കാര്‍ക്കുവേണ്ടിയും ഖജനാവില്‍ നിന്ന് കോടാനുകോടി ചെലവഴിക്കുമ്പോഴാണ് ജനങ്ങളെ പുറംകാല്‍ കൊണ്ടു തൊഴിക്കുന്ന സമീപനം സ്വീകരിച്ചിരിക്കുന്നത്. ജനങ്ങള്‍ ഇവരെ പുറംകാല്‍ കൊണ്ട് തോണ്ടിയെറിയുന്നത് സമീപ ഭാവിയില്‍ കേരളം കാണുമെന്ന് സുധാകരന്‍ പറഞ്ഞു.