കാലത്തിന് അനുസരിച്ച് നിറം മാറുന്ന ഓന്തിന്‍റെ സ്വഭാവമാണ് സിപിഐഎമ്മിനെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സിപിഐഎമ്മിന് രാഷ്ട്രീയ സ്ഥിരതയില്ല. ബിജെപിയെ നേരിടാൻ ശക്തിയില്ലാത്തത് സിപിഐഎമ്മിനാണ്. കോൺഗ്രസ് ശക്തരാണെന്നും കോടിയേരിയുടെ ഉപദേശം വേണ്ടെന്നും കെപിസിസി അധ്യക്ഷന്‍.
ഇന്ത്യയിൽ ഉടനീളം വർഗീയതയെ എതിർക്കാൻ 10 കമ്മ്യൂണിസ്റ്റുകാർ മതിയാവില്ല. കേരളം പോലെ ഒരു ചെറിയ തുരുത്തിൽ മാത്രമാണ് സിപിഐഎം ഉള്ളത്. ഇവിടെ വർഗീയതയെ പുണരുകയാണ് ഇവർ ചെയ്യുന്നത്. പിണറായി വിജയനെതിരെയുള്ള കേസുകൾ മുങ്ങിപോകുന്നത് ബിജെപി സിപിഐഎം അവിശുദ്ധ ബന്ധത്തിന് തെളിവാണ്. മുഖ്യമന്ത്രി ബിജെപിയുടെ വോട്ട് വാങ്ങിയാണ് എം.എൽ.എയായത്. മറിച്ചാണെങ്കിൽ തെളിയിക്കാമെന്നും അദ്ദേഹം വെല്ലുവിച്ചു.
കെ റെയിൽ നടപ്പിലാക്കാൻ അനുവദിക്കില്ലന്നും കെ.സുധാകരൻ ആവർത്തിച്ചു. സ്വന്തം ധാർഷ്ട്യത്തിന് അനുസരിച്ചു കാര്യങ്ങൾ തീരുമാനിക്കാൻ കേരളം പിണറായിയുടെ തറവാട്ട് സ്വത്തല്ല. സമരത്തിന്റെ മൂർച്ച വരും നാളുകളിൽ വർധിക്കും. കെ റെയിൽ നടപ്പിലാക്കരുതെന്നത് ജനതയുടെ ആവശ്യമാണ്. ജന വികാരം പദ്ധതിക്ക് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.