India Kerala

അന്തിമ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കൊരുങ്ങി കോണ്‍ഗ്രസ്

ലോക്സഭ തെരഞ്ഞെടുപ്പിനുളള അന്തിമ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കൊരുങ്ങി കോണ്‍ഗ്രസ്. ഘടകകക്ഷികളുടെ സീറ്റ് വിഭജനം പൂര്‍ത്തിയായാല്‍ നേതാക്കള്‍ അവസാന ഘട്ട പാനല്‍ തയാറാക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സുധാകരന്‍, ബെന്നി ബെഹനാന്‍ എന്നിവരെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. ‌

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് സമിതി ചേര്‍ന്ന ശേഷം അന്തിമ പാനല്‍ തയ്യാറാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്തിയിരുന്നു. അവര്‍ വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഘടകകക്ഷികളുടെ സീറ്റ് വിഭജനം പൂര്‍ത്തിയായാല്‍ നേതാക്കളിരുന്ന് അന്തിമ പാനല്‍ തയാറാക്കും. നിലിവിലെ ചര്‍ച്ചകള്‍ പ്രകാരം സിറ്റിങ് എം.പിമാരില്‍ ഭൂരിഭാഗം പേരും മത്സരിക്കാനാണ് സാധ്യത. തിരുവനന്തപുരത്ത് ശശിതരൂര്‍, മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ്, പത്തനംതിട്ട ആന്റോ ആന്റണി, കോഴിക്കോട് എം.കെ രാഘവന്‍ എന്നിവര്‍ ഉറപ്പാണ്. കെ.സി വേണുഗോപാല്‍ ആലപ്പുഴയിലും കെ പി സി സി പ്രസിഡന്റ് കൂടിയായ മുല്ലപ്പള്ളി രാമചന്ദ്രന്‍ വടകരയിലും മത്സരിക്കണമെന്നാണ് സംസ്ഥാനത്തെ നേതാക്കളുടെ നിലപാട്. ഹൈക്കമാന്‍ഡ് നിലപാടനുസരിച്ചേ ഇതില്‍ തീരുമാനമാകൂ.

എറണാകുളത്ത് ഹൈബി ഈഡന്‍, സ്വപ്ന പാട്രോണിസ് എന്നിവരുടെ പേര് കെ.വി തോമസിനോടൊപ്പം പരിഗണക്കപ്പെടുന്നുണ്ട്. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്, ചാലക്കുടിയില്‍ ബെന്നി ബെഹനാന്‍, തൃശൂരില്‍ ടി.എന്‍ പ്രതാപന്‍, പാലക്കാട് വി.കെ ശ്രീകണ്ഠന്‍ എന്നിവരാണ് സാധ്യത പട്ടകയിലുള്ളത്. കെ സുധാകരനെ കണ്ണൂരില്‍ മത്സരിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. വയനാടോ കാസര്‍കോട് മുസ്‍ലിം സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് ആലോചിക്കുന്നത്. ടി.സിദ്ധിഖ്, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരാണ് സാധ്യതാപട്ടികയില്‍. കേരള കോണ്‍ഗ്രസ് പി.ജെ ജോസഫിന് സീറ്റ് നല്‍കാന്‍ തീരുമാനിച്ചാല്‍ ഇടുക്കിയും കോട്ടയവും വെച്ചുമാറുന്ന സാധ്യതയും ആലോചനയിലുണ്ട്.