Kerala

‘ഒരു പന്തിയില്‍ രണ്ട് വിളമ്പ് പാടില്ല’; പാതിരാ കുര്‍ബാനയ്ക്കും ഇളവ് വേണമെന്ന് കെ സുധാകരന്‍

പുതുവര്‍ഷാരംഭത്തിലെ പാതിരാ കുര്‍ബാനയ്ക്ക് ഇളവ് നല്‍കണമെന്ന് കോണ്‍ഗ്രസ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പിടിവാശി മൂലം പ്രാര്‍ത്ഥ ഉപേക്ഷിക്കേണ്ടി വരുന്നത് പ്രതിഷേധാര്‍ഹമാണ്. ഒരു വിഭാഗത്തോട് കാണിക്കുന്ന വിവേചനം വിവേക രഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കുറ്റപ്പെടുത്തി.

രാത്രി കാലത്തു നടത്തുന്ന ചില തീര്‍ത്ഥാടനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇളവു നല്‍കിയിട്ടുണ്ട്. ഇതേ ആനുകൂല്യം ക്രൈസ്തവര്‍ക്കും നല്‍കണമെന്നാണ് അവരാവശ്യപ്പെടുന്നത്. ഒരു പന്തിയില്‍ രണ്ട് തരത്തില്‍ വിളമ്പുന്നതിന് പകരം എല്ലാവരെയും സമഭാവനയോടെയാണ് കാണേണ്ടത്. രാത്രി പത്തുമണിക്ക് ശേഷമാണ് മിക്കയിടങ്ങളിലും പള്ളികളില്‍ ക്രൈസ്തവര്‍ പുതുവര്‍ഷാരംഭ പ്രാര്‍ത്ഥന നടത്തുന്നത്. ചിലയിടങ്ങളില്‍ ഇത് പാതിരാത്രിയാകും നടക്കുക. ക്രൈസ്തവര്‍ കുടുംബത്തോടൊപ്പം പങ്കെടുക്കുന്ന പ്രധാനപ്പെട്ട ചടങ്ങാണിത്. പിണറായി സര്‍ക്കാരിന്റെ കടുംപിടുത്തം കാരണം അതില്ലാതാകരുതെന്നും കെ സുധാകരന്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ രാത്രികാല നിയന്ത്രണം ഇന്നുമുതലാണ് പ്രാബല്യത്തില്‍ വരുന്നത്. രാത്രി പത്ത് മുതല്‍ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം. ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉള്‍പ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകള്‍ അടക്കം ആള്‍ക്കൂട്ട പരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണമാണ്. അതേസമയം ശബരിമല -ശിവഗിരി തീര്‍ത്ഥാടകരെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയം സാക്ഷ്യപത്രം കൈയില്‍ കരുതണം. കടകള്‍ രാത്രി 10 മണിയ്ക്ക് അടയ്ക്കണം. ആള്‍ക്കൂട്ടവും അനാവശ്യ യാത്രകളും അനുവദിക്കില്ല എന്നും നിര്‍ദേശമുണ്ട്. വാഹനപരിശോധന കര്‍ശനമാക്കും. ലംഘിക്കുന്നര്‍ക്കെതിരെ കര്‍ശന കര്‍ശനമായ നിയമ നടപടി സ്വീകരിക്കും. അതേസമയം രാജ്യത്തെ ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനുവരി 31 വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. നിയന്ത്രണങ്ങള്‍ സംബന്ധിച്ചുള്ള ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരുന്നു.