Kerala

ലൈഫ് പദ്ധതി പ്രതിസന്ധിയില്‍; സര്‍ക്കാര്‍ ഭവന രഹിതരെ വഞ്ചിച്ചെന്ന് കെ സുധാകരന്‍

രാഷ്ട്രീയ മേല്‍ക്കോയ്മയ്ക്ക് സിപിഐഎമ്മും സിപിഐയും തമ്മിലടിച്ച് ലൈഫ് പദ്ധതിയെ പ്രതിസന്ധിയിലാക്കിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വീടില്ലാത്ത പാവപ്പെട്ടവര്‍ കൊവിഡും പ്രളയവും മൂലം നരകയാതന അനുഭവിക്കുമ്പോഴാണ് ഈ വഞ്ചനയെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.

വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ കാരണം 22 ശതമാനം അപേക്ഷകള്‍ മാത്രമാണ് ലൈഫ് പദ്ധതിക്കായി പരിശോധന പൂര്‍ത്തിയായത്. ഇത് വീടിന് അര്‍ഹരായവരുടെ കരട് പട്ടിക പ്രസിദ്ധീകരിക്കാന്‍ പഞ്ചായത്തുകള്‍ക്ക് അനുവദിച്ച സമയം കഴിഞ്ഞതിനുശേഷമാണ്. കൃഷി അസിസ്റ്റന്റുമാരെ പരിശോധനയ്ക്ക് നിയോഗിച്ചതിനെ ചൊല്ലി തദ്ദേശ-കൃഷി വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കമാണ് ലൈഫ് പദ്ധതിയെ നിലവിലെ പ്രതിസന്ധിയിലേക്കെത്തിച്ചത്.

പാലക്കാട് ജില്ലയില്‍ മാത്രം 1.36 ലക്ഷം അപേക്ഷകളില്‍ 1.22 ലക്ഷം അപേക്ഷകളും കെട്ടിക്കിടക്കുകയാണ്. ഇടുക്കിയില്‍ 38122 അപേക്ഷകളില്‍ വെറും 5712 എണ്ണം മാത്രമാണ് പരിശോധന പൂര്‍ത്തിയാക്കിയത്.

പദ്ധതിയെ പ്രതിരോധത്തിലാക്കാന്‍ സിപിഐഎമ്മിന്റെയും സിപിഐയുടെയും നേതൃത്വം വളംവെച്ചുകൊടുത്തു. ഇതുവരെ പദ്ധതിയില്‍ 2,06,064 പേരുടെ പരിശോധനകള്‍ മാത്രമാണ് പൂര്‍ത്തിയായത് എന്നും കെപിസിസി അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.