Kerala

സംശയങ്ങളെല്ലാം ചോദിക്കാം, കെ റെയില്‍ മറുപടി നല്‍കും; ‘ജനസമക്ഷം സില്‍വര്‍ലൈന്‍’ വ്യാഴാഴ്ച

സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി തര്‍ക്കങ്ങളും ആശങ്കകളും നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കെ റെയില്‍. ഓണ്‍ലൈനായി സംവാദം സംഘടിപ്പിച്ച് ജനങ്ങളുടെ സംശയങ്ങള്‍ക്ക് വിശദമായി മറുപടി നല്‍കാനാണ് കെ റെയില്‍ പദ്ധതിയിട്ടിരിക്കുന്നത്. വ്യാഴാഴ്ച ഓണ്‍ലൈന്‍ സംവാദ പരിപാടിയായ ജനസമക്ഷം സില്‍വര്‍ലൈന്‍ നടക്കും. വൈകിട്ട് നാല് മണി മുതല്‍ റെയിലിന്റെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകളില്‍ കമന്റായി സംശയങ്ങള്‍ ചോദിക്കാമെന്നാണ് കെ റെയില്‍ അറിയിച്ചിരിക്കുന്നത്. കെ റെയില്‍ എംഡി വി അജിത് കുമാര്‍ തന്നെയാണ് ജനങ്ങളുടെ സംശയങ്ങള്‍ക്ക് തത്സമയം മറുപടി നല്‍കുന്നത്. സംവാദത്തില്‍ സിസ്ട്ര പ്രൊജക്ട് ഡയറക്ടറും പങ്കെടുക്കും.

സില്‍വര്‍ലൈന്‍ സര്‍വെയുടെ ഭാഗമായി അതിരടയാളക്കല്ലുകള്‍ സ്ഥാപിക്കുന്ന നടപടികളുള്‍പ്പെടെ കടുത്ത പ്രതിഷേധങ്ങള്‍ നേരിട്ടിരുന്നു. പലയിടങ്ങളിലും ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച അതിരടയാളക്കല്ലുകള്‍ നാട്ടുകാരും പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് പിഴുതെറിയുന്ന സ്ഥിതിയുമുണ്ടായിരുന്നു. എന്നാല്‍ എന്ത് വിലകൊടുത്തും സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന നിലപാടില്‍ തന്നെ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്.

സില്‍വര്‍ലൈന്‍ ഭൂമി ഏറ്റെടുക്കല്‍ തുടങ്ങുമെന്ന് സര്‍ക്കാര്‍ പ്രോഗസ് റിപ്പോര്‍ട്ടിലുള്‍പ്പെടെ വ്യക്തമാക്കിയിരുന്നു. പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമുണ്ടെന്ന് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോകള്‍ക്ക് അനുമതി ലഭിച്ചാല്‍ നടപ്പാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഡി.പി.ആര്‍ റെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. പ്രാരംഭ നടപടികളുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര ധനമന്ത്രാലയത്തില്‍ നിന്നും ലഭിച്ച നിര്‍ദേശമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.+