Kerala

അല്ലെങ്കിലും ട്രെയിൻ യാത്ര തന്നെയാണ് സെയ്ഫ്; ഇ.പി ജയരാജന്റെ ട്രെയിൻ യാത്രയ്ക്ക് പരോക്ഷ പിന്തുണയുമായി കെ റെയിൽ

ഇ.പി ജയരാജന്റെ ട്രെയിൻ യാത്രയ്ക്ക് പരോക്ഷ പിന്തുണയുമായി കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്. അല്ലെങ്കിലും ട്രെയിൻ യാത്ര തന്നെയാണ് സെയ്ഫ്, സില്‍വര്‍ലൈന്‍ വരും, യാത്രാശീലങ്ങള്‍ മാറും എന്ന ക്യാപ്ഷനോടെ കെ റെയിലിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കെ റെയില്‍ വന്നാല്‍ ഇന്‍ഡിഗോയുടെ ആപ്പീസ് പൂട്ടുമെന്ന പരാമർശം കഴിഞ്ഞ ദിവസം ഇ.പി ജയരാജന്‍ നടത്തിയിരുന്നു.

ട്രെയിൻ യാത്രയുടെ ഗുണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെ റെയില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. ഏറ്റവും കുറവ് അപകടനിരക്ക്, കുറഞ്ഞ യാത്രാനിരക്ക്, പുനരുപയോഗ ഊര്‍ജ്ജത്തിന്റെ പരമാവധി വിനിയോഗം, ഇന്ധന ചെലവ് കുറവ്, സുരക്ഷിതം, പരിസ്ഥിതി സൗഹൃദം തുടങ്ങിയ കാര്യങ്ങളാണ് കെ റെയില്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നത്.

ഇൻഡി​ഗോ ബഹിഷ്ക്കരിക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ വ്യക്തമാക്കിയ പശ്ചാത്തലത്തിൽ ഇൻഡി​ഗോ എയർലൈൻസിന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക്പേജിൽ വന്ന പുതിയ പോസ്റ്റിന് താഴെ ട്രോൾ കമന്റുകളുമായി മലയാളികളെത്തി. ഇൻഡി​ഗോ എയർലൈൻസിന്റെ വിമാനം ഒരു റെയിൽവേ ലൈനിന്റെ മുകളിലൂടെ പറന്നുപൊങ്ങുന്ന ചിത്രമാണ് അവർ ഫെയ്സ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. ഈ ചിത്രത്തിന് താഴെയാണ് ഇ.പി ജയരാജനെ ട്രോളിക്കൊണ്ടുള്ള കമന്റുകൾ നിറയുന്നത്.

ഇത് ഇ.പിയെ കളിയാക്കാൻ തന്നെ ഇട്ട പോസ്റ്റ് അല്ലെ, ഇന്നലെ വിമാനത്തിൽ പോകാതെ ട്രയിനിൽ കയറി യാത്ര ചെയ്ത നമ്മുടെ ഈപീ, നൈസായിട്ട് ഒന്നു ട്രോളി അല്ലെ, നമ്മൾ ട്രയിനിൽ ഫ്ലൈ ചെയ്തോളാം എന്നിങ്ങനെയുള്ള കമന്റുകളാണ് ഈ പോസ്റ്റിന് താഴെ നിറയുന്നത്. ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തില്‍ ഇ.പി ജയരാജന് മൂന്നാഴ്ചത്തേക്കാണ് ഇൻഡിഗോ വിലക്കേർപ്പെടുത്തിയത്. ഇതിന് പിന്നാലെ വിമാനക്കമ്പനിയുടെ നടപടിക്കെതിരെ സിപിഐഎം രം​ഗത്തെത്തിയിരുന്നു. വസ്തുതകൾ പരിശോധിക്കാതെ ഇ.പി ജയരാജന് വിലക്കേർപ്പെടുത്തിയ തീരുമാനം പുനഃപരിശോധിക്കണമന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട മലയാളികളുടെ ട്രോളുകൾ ഇൻഡി​ഗോ എയർലൈൻസിന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക്പേജിലാകെ നിറയുന്നുണ്ട്.

ഇന്‍ഡിഗോയുടെ വിലക്കിനെതിരെ അപ്പീല്‍ പോകില്ലെന്ന് ഇ.പി ജയരാജന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്‍ഡിഗോ വേണമെങ്കില്‍ അവരുടെ തീരുമാനം പിന്‍വലിക്കട്ടെയെന്നും കണ്ണൂരിലേക്ക് മറ്റ് വിമാന കമ്പനികളുടെ സർവീസുകൾ തുടങ്ങാൻ തന്നാലാവുന്ന ശ്രമം നടത്തുമെന്നും ഇ.പി പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തില്‍ തനിക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നിയമവിരുദ്ധമാണ്. ഇത്ര നിലവാരമില്ലാത്ത കമ്പനിയാണ് ഇന്‍ഡിഗോയെന്ന് മനസിലാക്കിയിരുന്നില്ല. ഇനി ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യില്ല. ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇന്‍ഡിഗോയില്‍ യാത്ര ചെയ്തില്ലെങ്കില്‍ എനിക്കൊന്നും സംഭവിക്കില്ല. മാന്യമായി സര്‍വീസ് നടത്തുന്ന വേറെ കമ്പനികളുണ്ട്. ആ വിമാനങ്ങളിലേ ഇനി യാത്ര ചെയ്യുകയുള്ളു. താനാരെന്ന് ഇന്‍ഡിഗോയ്ക്ക് അറിയില്ലെന്ന് തോന്നുന്നു. നടന്നുപോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ല. താനും ഭാര്യയും ഒന്നിച്ച് ഇന്‍ഡിഗോയില്‍ യാത്ര ചെയ്യാന്‍ ബുക്ക് ചെയ്തിരുന്ന ടിക്കറ്റ് റദ്ദാക്കിയതായും ഇപി പറഞ്ഞു. ഇന്‍ഡിഗോയുടെ വിമാനങ്ങള്‍ അപകടത്തില്‍പ്പെടുന്ന വാര്‍ത്ത വരുന്നുണ്ടെന്നും അതുകൊണ്ടുകൂടി ആ കമ്പനിയെ ഉപേക്ഷിക്കുകയാണെന്നും ജയരാജന്‍ വ്യക്തമാക്കി.