കെ-റെയിൽ പദ്ധതിക്കെതിരായ സമരത്തിൽ യു ഡി എഫിന് ഒറ്റ അഭിപ്രായമേ ഉള്ളുവെന്ന് മുസ്ലിം ലീഗ്. കെ റെയിൽ പദ്ധതി സർക്കാരിന് ലാഭകരമായി നടത്താൻ കഴിയില്ലെന്ന് കെ പി എ മജീദ് പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ ബാധ്യത ഏറ്റെടുത്ത് പദ്ധതി നടപ്പാക്കാനാകില്ല. കെ റെയിലിന് പകരമുള്ള ബദൽ നിർദേശം സർക്കാരിനെ യു ഡി എഫ് അറിയിച്ചെന്ന് കെ എപി എ മജീദ് ട്വന്റിഫോറിനോട് പറഞ്ഞു.
കെ-റെയിൽ പദ്ധതിയുടെ വിശദമായ പദ്ധതി രേഖയും പാരിസ്ഥിതിക ആഘാത പഠന റിപ്പോർട്ടും പുറത്ത് വന്നിരുന്നു. അറ്റകുറ്റപണിക്ക് മാത്രം 542 കോടി ചെലവാകുമെന്ന് 238 പേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പദ്ധതി കേരളത്തിന്റെ സമഗ്ര വികസനത്തിന് ഉതകുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. പദ്ധതി രേഖയുടെ വിശദാംശങ്ങൾ ട്വന്റിഫോറിന് ലഭിച്ചിരുന്നു.
കെ റെയിൽ പദ്ധതിയുടെ നടത്തിപ്പിനും പരിപാലനത്തിനുമായി കോടികൾ ചെലവാകുമെന്നാണ് പദ്ധതി രേഖയിൽ പറയുന്നത്. ആദ്യ പത്ത് വർഷം അറ്റകുറ്റപണിക്ക് മാത്രം 542 കോടി വീതവും പിന്നീട് 694 കോടി വീതവും റിപ്പോർട്ട്. ഇന്ധനമായി ഉപയോഗിക്കുന്ന സൗരോർജം വാങ്ങാനും കോടികളുടെ ചെലവുണ്ടെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അയ്യായിരത്തോളം ജീവനക്കാർ ശമ്പളം നൽകാൻ 271 കോടി രൂപയാണ് വേണ്ടത്. ശരാശി വാർഷിക ശമ്പളം എട്ട് ലക്ഷം രൂപയാകും.
പാലം കടന്നുപോകുന്നതിൽ ഭൂരിഭാഗം പ്രദേശങ്ങളും പാടങ്ങളാണെന്ന് പാരിസ്ഥിതിക ആഘാത പഠനത്തിൽ പറയുന്നു. പാടശേഖരങ്ങളിലും, കൃഷിയിലും ഇത് ചെറിയ മാറ്റം വരുത്തും. കാർഷിക ഉത്പന്നങ്ങളുടെ ഉത്പാദനം കുറയുന്നതിനും കെ റെയിൽ പദ്ധതി ഇടയാക്കും. ഒപ്പം ഭൂമിയുടെ സ്വഭാവത്തിൽ ചെറിയ മാറ്റം സഭവിക്കുമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പദ്ധതിയുടെ ഗുണങ്ങൾക്കാണ് റിപ്പോർട്ടിൽ ഊന്നൽ നൽകിയിരിക്കുന്നത്.