Kerala

കെ മുരളീധരന്‍ കെപിസിസി പ്രചാരണ സമിതി ചെയര്‍മാന്‍

കെ മുരളീധരനെ കെപിസിസി പ്രചാരണ സമിതി ചെയര്‍മാനായി നിയമിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് തീരുമാനമെടുത്തത്. രണ്ടാതവണയാണ് കെപിസിസി പ്രചാരണ സമിതി ചെയര്‍മാനായി മുരളീധരന്‍ നിയമിതനാകുന്നത്. കെപിസിസി പുനസംഘടനാ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലായതോടെ മുതിര്‍ന്ന നേതാക്കളുമായുള്ള ചര്‍ച്ചകള്‍ ഇന്ന് പൂര്‍ത്തിയാക്കും.

അതേസമയം കെ സുധാകരന്‍ ഇന്ന് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തും. ഡിസിസി അധ്യക്ഷന്മാരുടെ നിയമനം രണ്ടാഴ്ചയ്ക്കുള്ളില്‍ നടക്കുമെന്നാണ് സൂചന.
കെപിസിസി, ഡിസിസി പുനസംഘടന വൈകുന്നതില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തിയാണുള്ളത്.
നോമിനികളെ കയറ്റാനുള്ള ശ്രമങ്ങളും ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദവും നടപടികള്‍ നിശ്ചിതത്വത്തിലാക്കുകയാണ്. ഹൈക്കമാന്‍ഡ് നിര്‍ദേശിച്ച സമയത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുമുണ്ട്.

ഡിസിസി പ്രസിഡന്റുമാരെ രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കണമെന്നാണ് കെപിസിസി നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്. ഓരോ ജില്ലയിലും മൂന്നംഗ പട്ടിക തയാറാക്കിക്കൊണ്ടുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്.
എന്നാല്‍ പ്രചാരണ സമിതി ചെയര്‍മാനായി നിയമിച്ചതില്‍ കെ മുരളീധരന്‍ അതൃപ്തനാണെന്നാണ് സൂചന. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്താണ് മുരളീധരന്റെ പേര് നിര്‍ദേശിച്ചിരുന്നത്.