വടകരക്ക് പുറത്ത് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. മലബാറില്‍ മുരളീധരനെ പ്രചാരണത്തിന് ഇറക്കണമെന്ന് ലീഗ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മുരളി നിലപാട് വ്യക്തമാക്കിയത്. കെപിസിസി നേതൃത്വത്തോടുള്ള അതൃപ്തിയാണ് മുരളിയുടെ നിലപാടിന് പിന്നില്‍.
തദ്ദേശ തെരഞ്ഞെടുപ്പ് മുതല്‍ കെപിസിസി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന കെ മുരളീധരന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയിലും സജീവമായിരുന്നില്ല. അര്‍ഹിക്കുന്ന പരിഗണന പാര്‍ട്ടിയില്‍ നിന്നും ലഭിക്കുന്നില്ലെന്നതാണ് മുരളീധരന്‍റെ പരാതി. മുരളിയെപ്പോലെ തലയെടുപ്പുള്ള നേതാവ് മലബാറില്‍ പ്രചാരണത്തിന് ഇറങ്ങിയില്ലെങ്കില്‍ അപകടമാകുമെന്ന് ലീഗ് ഹൈക്കമാന്‍ഡിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സിപിഎമ്മിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന മുരളീധരനെ പ്രചാരണ രംഗത്തിറക്കാന്‍ സമ്മര്‍ദം ചെലുത്തണമെന്നും ലീഗ് ഹൈക്കമാന്‍ഡിനോട് അഭ്യര്‍ഥിച്ചു. നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നാണ് മുരളി വ്യക്തമാക്കുന്നത്.
കെപിസിസി നേതൃത്വവുമായി അകല്‍ച്ചയിലാണെങ്കിലും ലീഗുമായി മികച്ച ബന്ധമാണ് മുരളീധരന്. കോണ്‍ഗ്രസ് വേദികളില്‍ നിന്നും വിട്ടുനില്‍ക്കുമ്പോഴും ലീഗ് പരിപാടികളില്‍ സാന്നിധ്യം അറിയിക്കുകയും ചെയ്യുന്നുണ്ട് മുരളീധരന്‍. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ പടലപ്പിണക്കം പരിഹരിക്കാന്‍ കെപിസിസി നേതൃത്വം ഇടപെടണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്.