പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ ഉൾപ്പെടെ പാർട്ടി, മുന്നണി നേതൃത്വം എടുക്കുന്ന നയങ്ങൾക്കെതിരായ എതിർ അഭിപ്രായം ആണ് കെ മുരളീധരന്റെ നേതൃ വിമർശങ്ങൾക്ക് പിന്നിലെന്ന് സൂചന. പരസ്യ പ്രസ്താവനകൾ ഒഴിവാക്കാൻ മുതിർന്ന നേതാക്കൾ മുരളിയുമായി ആശയവിനിമയം നടത്തി. പരസ്യ വിമർശനങ്ങൾ മുരളി ഒഴിവാക്കിയേക്കും.
കെ.പി.സി.സി ഭാരവാഹി പട്ടികയ്ക്ക് പതിവിൽ കവിഞ്ഞ സ്വീകാര്യതയാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ നൽകിയത്. വലിയ പൊട്ടിത്തെറിയിലേക്കൊന്നും ഭാരവാഹി പ്രഖ്യാപനം പോയില്ല. അതേസമയം കെ മുരളീധരൻ കെ.പി.സി.സി ഭാരവാഹി പട്ടികക്കെതിരെ പരസ്യ വിമർശം തുടരുകയും ചെയ്യുന്നുണ്ട്. മുരളീധരന്റെ പരസ്യ വിമർശത്തെ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രശ്നവല്‍ക്കരിച്ചെങ്കിലും പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണ് കെ മുരളീധരൻ.
കെ.പി.സി.സി നേതൃത്വത്തിന്റെ പ്രവർത്തന രീതിക്കെതിരായ വിമർശമാണ് ഭാരവാഹി പട്ടികയുടെ പശ്ചാത്തലത്തിൽ കെ മുരളീധരൻ ഉയർത്തിയത് എന്നാണ് സൂചന. പൗരത്വ ഭേദഗതി തീരുമാനത്തിന് എതിരായ പ്രക്ഷോഭങ്ങളിൽ സി.പി.എമ്മും എൽ.ഡി.എഫും മേൽക്കൈ നേടുമ്പോൾ കോൺഗ്രസും യു.ഡി.എഫും കാഴ്ചക്കാർ ആകുന്നു എന്ന വിമർശം കെ മുരളീധരനുണ്ട്.
സംയുക്ത പ്രക്ഷോഭത്തിന് മുൻകൈയെടുത്തത് മുതൽ പാർട്ടി, മുന്നണി നേതൃത്വം സ്വീകരിക്കുന്ന നിലപാടുകൾ രാഷ്ട്രീയമായി ഗുണം ചെയ്യുന്നതല്ല എന്ന വിലയിരുത്തൽ പാർട്ടിയിലെ ഒരു വിഭാഗത്തിനുണ്ട്. ഇതെല്ലാം മുൻനിർത്തിയാണ് മുരളീധരൻ നേതൃത്വത്തിനെതിരായ വിമർശനം ആവർത്തിക്കുന്നത്.
എന്നാൽ പരസ്യ വിമർശനം മുന്നോട്ടുകൊണ്ടുപോകുന്നതിനെ പാർട്ടിയിലെ മുതിർന്ന നേതാക്കൾ അംഗീകരിക്കുന്നില്ല. ചില മുതിർന്ന നേതാക്കൾ കെ മുരളീധരനുമായി ആശയവിനിമയം നടത്തിയതായാണ് സൂചന. ഇനി പരസ്യ പ്രതികരണങ്ങളിലേക്ക് പോകില്ലെന്ന് കെ മുരളീധരൻ പറഞ്ഞതായും വിവരമുണ്ട്. പരസ്യ പ്രതികരണം ഉണ്ടായില്ലെങ്കിലും പാർട്ടിക്കകത്ത് മുരളീധരൻ നേതൃത്വത്തിനെതിരായ വിമർശനം ഉന്നയിച്ച് മുന്നോട്ടുപോകാമെന്നാണ്. രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.