India Kerala

സി.പിയെ വെട്ടിയ നാടാണിതെന്ന് ഗവര്‍ണര്‍ ഓര്‍ക്കണം: കെ.മുരളീധരൻ എം.പി

സര്‍ക്കാറുമായുള്ള തര്‍ക്കത്തില്‍ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കുമെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം. ഗവര്‍ണര്‍ക്കെതിരെ കടുത്ത വിമര്‍ശമുന്നയിച്ച പ്രതിപക്ഷ നേതാക്കള്‍ ധൈര്യപൂര്‍വം നിലപാടെടുക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. നയപ്രഖ്യാപനത്തില്‍ പൌരത്വ നിയമത്തിനെതിരായ പ്രമേയം ഉള്‍പ്പെടുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

പൌരത്വ നിയത്തെച്ചൊല്ലി സംസ്ഥാന സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ നടക്കുന്ന തര്‍ക്കത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരായ കുടത്ത വിമര്‍ശമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. സര്‍ സിപിയുടെ ചരിത്രം ഒര്‍മിപ്പിച്ചാണ് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ചത്.

സിപിയെ വെട്ടിയ നാടാണിതെന്ന് ഗവര്‍ണര്‍ ഓര്‍ക്കണം. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ സർ സി.പിയുടെ ചരിത്രം വായിക്കണം. അര മൂക്കുമായി സർ സി.പി ക്ക് നാടുവിടേണ്ടി വന്നത് ഗവര്‍ണര്‍ ഓര്‍ക്കണം.

ഗവര്‍ണറെ മാത്രമല്ല, മുഖ്യമന്ത്രിയെയും മുരളീധരന്‍ വിമര്‍ശിച്ചു. ഗവര്‍ണര്‍ക്കെതിരെ നിലപാടെടുക്കാന്‍ മുഖ്യമന്ത്രി ധൈര്യം കാണിക്കണം.അധികം കയറി വിലസരുതെന്ന് ഗവര്‍ണറോട് മുഖ്യമന്ത്രി പറയണം. സര്‍ക്കാര്‍ നിലപാട് ഗവര്‍ണറുടെ മുഖത്ത് നോക്കി മുഖ്യമന്ത്രി പറയണം. പറയേണ്ട സമയത്ത് അത് പറഞ്ഞില്ലെങ്കില്‍ കാര്യമില്ല. ഒ. രാജഗോപാലിന്റെ നട്ടെല്ലെങ്കിലും മുഖ്യമന്ത്രി കാണിക്കണം.

ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗത്തിൽ സിഎഎക്കെതിരായ പ്രമേയത്തിന്റെ ഉള്ളടക്കം ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിര്‍ദേശിച്ചു. പൌരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ നടത്തുന്ന ഉപവാസ സമരത്തിലാണ് യുഡിഎഫ് നേതാക്കള്‍ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കുമെതിരെ വിമര്‍ശമുന്നയിച്ചത്.

മുനീർ നടത്തുന്ന പന്ത്രണ്ട് മണിക്കൂർ ഉപവാസം കോഴിക്കോട് കടപ്പുറത്ത് തുടരുന്നു. എൻ.പി.ആറുമായി ബന്ധപ്പെട്ട് സർക്കാർ കൂടുതൽ ജാഗ്രത കാണിക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മത സാമൂഹിക സാംസ്ക്കാരിക രംഗത്തുള്ള 95 പ്രമുഖര്‍ പിന്തുണയുമായി വേദിയിലെത്തും.

രാവിലെ 9 മണിക്ക് തുടങ്ങിയ ഉപവാസം രാത്രി ഒമ്പത് മണിവരെയാണ് കോഴിക്കോട് കടപ്പുറത്ത് നടക്കുക. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, കെ മുരളീധരന്‍, എം.കെ രാഘവന്‍ എന്നിവരും എം.എല്‍.എമാരടക്കമുള്ള രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു. മത രംഗത്തുള്ളവരും സാംസ്ക്കാരിക നായകരും സിനിമാ മേഖലയിലെ പ്രമുഖരും സുപ്രീം കോടതി അഭിഭാഷകരടക്കമുള്ളവരും എത്തിയിരുന്നു.

എം.എല്‍.എ എന്ന നിലയിലോ മുസ്‍ലീം ലീഗ് നേതാവെന്ന നിലയിലായല്ല മറിച്ച് പൌരനെന്ന നിലയിലാണ് ഉപവാസം നടത്തുന്നതെന്നും മുനീര്‍ പറഞ്ഞു. പൌരത്വ ഭേദഗതി നിയമത്തിനെതിരായ നിലപാടുള്ള നിരവധി ആളുകള്‍ ഉപവാസത്തില്‍ പങ്കെടുക്കുന്നുണ്ട്.