India Kerala

കോൺഗ്രസിൽ ഇരുന്നു കൊണ്ട് ആരും മോദിയെ സ്തുതിക്കേണ്ടെന്ന് കെ മുരളീധരന്‍

ശശി തരൂര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ മോദി സ്തുതിക്കെതിരെ എം.പിമാരായ കെ. മുരളീധരനും ബെന്നി ബെഹനാനും.

ജനാധിപത്യത്തെ കശാപ് ചെയ്തയാളാണ് പ്രധാനമന്തി നരേന്ദ്ര മോദി, ബി.ജെ.പി നയങ്ങളെ എതിര്‍ക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്യേണ്ടതെന്ന് ബെന്നി ബെഹനാന്‍ പറഞ്ഞു. ‘പ്രധാനമന്ത്രിയെ എതിർക്കുക എന്നത് പുതിയ കാര്യമല്ല. കാലാകാലങ്ങളിൽ സർക്കാറുകളെ വിമർശിക്കുമ്പോൾ അവയ്ക്ക് നേതൃത്വം കൊടുക്കുന്ന പ്രധാനമന്ത്രിമാരെ വിമർശിക്കാറുണ്ട്. അതിൽ ഒരു കോൺഗ്രസ് നേതാവും അസ്വസ്ഥരാവേണ്ട കാര്യമില്ല.’ ബെന്നി പറഞ്ഞു.

‘പാർട്ടിയും മുന്നണിയും പറയുന്നത് അനുസരിക്കാൻ ബാധ്യസ്ഥരാണ് ജനപ്രതിനിധികൾ. അല്ലാതെ എന്നെ ആരും പഠിപ്പിക്കേണ്ട, ഞാൻ എന്തു ചെയ്യണമെന്ന് ഞാൻ തീരുമാനിക്കും എന്നു പറയാൻ കോൺഗ്രസ് ആരുടെയും കുടുംബ സ്വത്തല്ല. പാർട്ടി നയങ്ങൾക്കനുസരിച്ച് ജനപ്രതിനിധികൾ പെരുമാറിയേ പറ്റൂ. ഇടക്കിടയ്ക്ക് മോദി സ്തുതി വരുന്നത് കോൺഗ്രസിനെ ആക്രമിക്കാനുള്ള പ്രവർത്തനങ്ങൾക്ക് വഴിമരുന്നിട്ടു കൊടുക്കുകയാണ്.’ – കെ. മുരളീധരൻ പറഞ്ഞു.

മോദിയുടെ ഭരണ മാതൃക നെഗറ്റീവ് മോഡൽ ആണെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹത്തെ പൈശാചികവൽക്കരിക്കുന്നത് ഗുണം ചെയ്യില്ലെന്നും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജയറാം രമേശ് പറഞ്ഞിരുന്നു. എല്ലായ്‌പോഴും മോദിയെ പൈശാചിക മുദ്രകുത്തിയാൽ അദ്ദേഹത്തെ നേരിടാൻ കഴിയില്ല. 2014 മുതൽ 2019 വരെ മോദി നടത്തിയ കാര്യങ്ങൾ അംഗീകരിക്കുകയും എന്തുകൊണ്ടാണ് ബി.ജെ.പിക്ക് വീണ്ടും ജനങ്ങൾ അധികാരം കൊടുത്തത് എന്ന് തിരിച്ചറിയുകയുമാണ് ചെയ്യേണ്ടത്. – ജയറാം രമേശ് പറഞ്ഞു.

ഇതിന് പിന്തുണയുമായി ശശി തരൂരും രംഗത്തു വന്നു. കഴിഞ്ഞ ആറു വർഷമായി, മോദി നല്ലതു ചെയ്താൽ അദ്ദേഹത്തെ പ്രശംസിക്കണമെന്ന് പറയുന്നയാളാണ് താനെന്നും അങ്ങനെയെങ്കിൽ മാത്രമേ തെറ്റു വരുത്തുമ്പോൾ എതിർക്കാനുള്ള വിശ്വസനീയത ഉണ്ടാകൂ എന്നും തരൂർ പറഞ്ഞു. തന്റെ അഭിപ്രായം മറ്റു നേതാക്കളും പ്രകടിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും തരൂർ പറഞ്ഞു.

തരൂരിന്റെ പ്രതികരണത്തിനെതിരെ നേരത്തെ രമേശ് ചെന്നിത്തല രംഗത്തു വന്നിരുന്നു.