Kerala

വന്ദേ ഭാരതിൽ പോസ്റ്റർ ഒട്ടിച്ചത് മോശമാണ്, അഭിവാദ്യം അർപ്പിച്ചതിൽ തെറ്റില്ല; കെ മുരളീധരൻ

വന്ദേ ഭാരത് എക്സ്പ്രസിൽ പാലക്കാട് എംപി ശ്രീകണ്ഠന്റെ പോസ്റ്റർ ഒട്ടിച്ചത് മോശമായെന്ന് വടകര എംപി കെ മുരളീധരൻ. പോസ്റ്ററൊട്ടിച്ചത് ആരായാലും പാർട്ടി തലത്തിൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.പോസ്റ്റർ പതിച്ചത് എംപിയുടെ അറിവോടെയല്ല.

എന്നാൽ അഭിവാദ്യം അർപ്പിച്ചതിൽ തെറ്റില്ല. വന്ദേ ഭാരത് എക്സ്പ്രസിന് തലശ്ശേരിയിൽ സ്റ്റോപ്പ് വേണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.ഒരു ജില്ലയിൽ ഒരു സ്റ്റോപ്പ് വേണം. റെയിൽവേ മന്ത്രിക്ക് കത്ത് നൽകും.

കെ റെയിലിനെ പറ്റി മുഖ്യമന്ത്രി ഒന്നും മിണ്ടിയില്ല. പ്രധാനമന്ത്രിയുടെ മുന്നിൽ നല്ല കുട്ടി എന്നും കെ മുരളീധരൻ പരിഹസിച്ചു. എ ഐ ക്യാമറ വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം. നാളെ കോൺഗ്രസ് യോഗം ചേരും. സമരപരിപാടികൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വന്ദേ ഭാരത് പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ ആർപിഎഫ് അന്വേഷണം ആരംഭിച്ചു. പോസ്റ്റർ ഒട്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേകരിച്ചു. മൂന്ന് പേർ പോസ്റ്റർ ഒട്ടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തെ തുടർന്നുള്ള സൈബർ ആക്രമണത്തിൽ പാലക്കാട് എസ്പിക്ക് പരാതി നൽകുമെന്ന് വികെ ശ്രീകണ്ഠൻ എംപി അറിയിച്ചു.