കേരളാ കോണ്‍ഗ്രസിന്‍റെ കോട്ടയം ലോക്സഭാ സീറ്റ് പി.ജെ ജോസഫിന് നല്‍കില്ലെന്ന് സൂചന. തോമസ് ചാഴിക്കാടനോ പ്രിന്‍സ് ലൂക്കോസോ സ്ഥാനാര്‍ഥിയായേക്കും. ജോസഫിന് സീറ്റ് നല്‍കുന്നതില്‍ പ്രാദേശിക ഘടകങ്ങള്‍ എതിര്‍പ്പ് രേഖപ്പെടുത്തി. മണ്ഡലത്തിന് പുറത്തുള്ളവരെ സ്ഥാനാര്‍ഥിയായി കൊണ്ടുവന്നാല്‍ അംഗീകരിക്കില്ലെന്ന് നേതാക്കള്‍ മാണിയെ നേരിട്ടറിയിച്ചു.
സ്ഥാനാര്‍ഥി നിര്‍ണയത്തിനായി കെ.എം മാണി കേരള കോണ്‍ഗ്രസ് കോട്ടയം മണ്ഡലം നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പി.ജെ ജോസഫിനെതിരെ എതിര്‍പ്പ് ഉയര്‍ന്നത്. കോട്ടയം ജില്ലാ പ്രസിഡന്‍റ് അടക്കമുള്ളവര്‍ സീറ്റ് മാണി വിഭാഗത്തിന് വേണമെന്ന നിലപാടാണ് സ്വീകരിച്ചത്.
ഏഴ് നിയോജക മണ്ഡലം കമ്മിറ്റികളില്‍ ആറ് എണ്ണവും കെ.എം മാണിക്കൊപ്പമാണ്. അതുകൊണ്ട് തന്നെ അണികളുടെ വികാരം മാണിക്ക് കാണാതിരിക്കാന്‍ സാധിക്കില്ല. വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന യു.ഡി.എഫ് ആവശ്യം തള്ളിക്കളയാതെ മാണി ആരുടെ പേര് നിര്‍ദ്ദേശിക്കുമെന്നാണ് ഇനി അറിയാനുള്ളത്.