Kerala

പാലക്കാട്ടെ സംഭവങ്ങളില്‍ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാന്‍ ശ്രമം; മന്ത്രി കെ.കൃഷ്ണന്‍കുട്ടി

പാലക്കാട്ടെ കൊലപാതകങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇന്ന് വൈകിട്ട് സര്‍വകക്ഷി യോഗം ചേരും. യോഗത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരുടെയും സഹകരണമുണ്ടെങ്കില്‍ അക്രമങ്ങളെ ഒറ്റപ്പെടുത്താന്‍ കഴിയുമെന്നും സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാനാകുമെന്നും മന്ത്രി കൃഷ്ണന്‍കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു.

ജനങ്ങളെ ഒന്നിച്ച് അണിനിരത്തുകയാണ് ഇപ്പോള്‍ വേണ്ടത്. പാലക്കാട്ടെ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കേണ്ട ആവശ്യം ഇപ്പോഴില്ല. കേരള പൊലീസിനാണ് നിഷപക്ഷമായി അന്വേഷിക്കാന്‍ സാധിക്കുക. സര്‍വകക്ഷി യോഗത്തിന് ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

അന്വേഷണം പുരോഗമിക്കുന്നതിനിടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികളിലേക്ക് വിരല്‍ ചൂണ്ടുന്ന നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കസ്റ്റഡിയിലെടുത്ത പ്രതികളുടെ മൊഴികളില്‍ നിന്നാണ് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഇലപ്പുള്ളിയിലെ സുബൈര്‍ വധത്തിലും അന്വേഷണസംഘത്തിന്റെ ഭാഗത്ത് നിന്ന് ഇന്ന് നിര്‍ണായക നീക്കങ്ങള്‍ ഉണ്ടായേക്കും.

സിസിടിവി ദൃശ്വങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. സംഭവത്തില്‍ നേരിട്ട് ഉള്‍പ്പെട്ട 6 പേര്‍ക്കൊപ്പം മറ്റ് ചിലര്‍ കൂടി പ്രതികളായേക്കുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇവര്‍ക്ക് പ്രാദേശികമായ സഹായം കിട്ടിയോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അതേസമയം എലപ്പുള്ളിയിലെ എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകത്തിലും പ്രതികളെക്കുറിച്ച് പൊലീസിന് കൃത്യമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. നിലവില്‍ കസ്റ്റഡിയിലുള്ള 4 പേര്‍ക്ക് പുറമേ മറ്റ് ചിലരെക്കൂടി ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നു.