India Kerala

തട്ടകത്തില്‍ കാലിടറിയ കെ. കരുണാകരന്‍; 1996ല്‍ സംഭവിച്ചത്..

1996ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് തൃശൂര്‍ മണ്ഡലത്തിലായിരുന്നു. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കെ.കരുണാകരനാണ് അന്ന് സ്വന്തം രാഷ്ട്രീയ തട്ടകത്തില്‍ കാലിടറി വീണത്. 1480 വോട്ടുകള്‍ക്ക് സി.പി.ഐ സ്ഥാനാര്‍ത്ഥി വി.വി രാഘവനോടായിരുന്നു കെ. കരുണാകരന്റെ തോല്‍വി.

കെ കരുണാകരന്‍ മലയാളിക്ക് ആമുഖങ്ങളാവശ്യമില്ലാത്ത രാഷ്ട്രീയ നേതാവായിരുന്നു. ജനനം കണ്ണൂരില്‍. രാഷ്രീയ പ്രവര്‍ത്തനം തുടങ്ങിയത് തൃശൂരില്‍. തൃശൂരില്‍ നിന്നും തുടങ്ങിയ ആ രാഷ്ട്രീയ യാത്ര കേരളവും കടന്ന് ഡല്‍ഹിയില്‍ വരെ എത്തിയത് രാഷ്ട്രീയ ചരിത്രം. മൂന്ന് പതിറ്റാണ്ടിലധികം തൃശൂര്‍ ജില്ലയിലെ മാളയെന്ന മണ്ഡലത്തിന്റെ ജനപ്രതിനിധിയായിരുന്നു കെ കരുണാകരന്‍. രാഷ്ട്രീയ-ഭരണ തിരക്കുകള്‍ക്കിടയിലും തന്റെ സമയത്തില്‍ തൃശൂരിന് വേണ്ടി പ്രത്യേക സമയം മാറ്റിവെച്ചിരുന്നു കെ. കരുണാകരന്‍. ആ കെ.കരുണാകരനാണ് 1996ല്‍ സ്വന്തം തട്ടകത്തില്‍ അടിതെറ്റിയത്.

കെ.കരുണാകരനെന്ന ദേശീയ തലത്തില്‍ പോലും ശ്രദ്ധേയനായ നേതാവിനെതിരായ മത്സരം തങ്ങളുടെ പ്രവര്‍ത്തകരില്‍ ഒരു പ്രത്യേക വീറും വാശിയും ഉണ്ടാക്കിയെടുത്തതായി അന്ന് തെര‍ഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായിരുന്ന സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വല്‍സരാജ് പറയുന്നു. അമിത ആത്മവിശ്വാസം കരുണാകരന് വിനയായെന്ന് വിശ്വസിക്കുന്നവരാണ് ഇന്നും ഏറെയും.

കരുണാകരന്‍ തോറ്റുവെന്നറിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒരാളെ പോലും കരുണാകരന്റെ കണ്‍വെട്ടത്തൊന്നും കാണാനില്ലായിരുന്നു. ഉദ്വേഗജനകമായിരുന്നു അന്നത്തെ വോട്ടെണ്ണല്‍. അവസാന റൌണ്ട് വരെ കരുണാകരന്‍ പ്രതീക്ഷയിലായിരുന്നു. തോറ്റുവെന്ന് ഉറപ്പായിട്ടും റീ കൌണ്ടിങ്ങിന് വരെ കരുണാകരന്‍ ശ്രമം നടത്തിയിയ കാര്യം കെ.കെ വല്‍സരാജ് ഓര്‍ത്തെടുക്കുന്നു.

അപ്രതീക്ഷിതമായി വന്ന തോല്‍വിയെ തുടര്‍ന്ന് കെ.കരുണാകരന്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മണ്ഡലം മാറി. പിന്‍ഗാമിയായെത്തിയത് മകന്‍ കെ മുരളീധരന്‍. പക്ഷെ അച്ഛന്റെ എതിരാളിക്ക് മുന്നില്‍ മകനും കാലിടറാന്‍ തന്നെയായിരുന്നു നിയോഗം.