പണ്ട് കുട്ടനാട്ടിൽ വെള്ളം കയറി കൃഷി നശിച്ചു. വ്യാപക കൃഷി നാശത്തിൽ വലഞ്ഞ കർഷകരെ സഹായിക്കാൻ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരൻ അടിയന്തര സാമ്പത്തിക സഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരസിംഹ റാവുവിന് സന്ദേശമയച്ചു. തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദസംഘം എത്തിയപ്പോഴേക്കും, കുട്ടനാട്ടിൽനിന്ന് വെള്ളമിറങ്ങി. പിന്നെന്തു ചെയ്യും? ബുദ്ധിമാനായ ലീഡർ കേന്ദ്രസംഘത്തെ ഒരു ഹെലികോപ്റ്ററിൽ കയറ്റി വേമ്പനാട് കായൽ കാണിച്ചു. അതുകണ്ട് വെള്ളപ്പൊക്കമാണെന്ന് ധരിച്ച കേന്ദ്രസംഘം പരമാവധി ദുരിതാശ്വാസ സഹായം കേരളത്തിന് വാഗ്ദാനം ചെയ്താണ് മടങ്ങിയത് എന്നാണ് കഥ .
നാടിന്റെ വികസനത്തിനായി ഏത് തരത്തിലും സമ്മർദം ചെലുത്തി അത് നേടിയെടുത്തിരുന്ന കെ.കരുണാകരൻ ഓർമ്മയായിട്ട് ഇന്ന് ഒരു വ്യാഴവട്ടം. ലീഡർ, എന്ന വാക്കിന് ഓക്സ്ഫോഡ് ഡിക്ഷ്ണറിയിൽ ഇല്ലാത്ത ഒരു അർത്ഥം ലോകമലയാളികളുടെ വാമൊഴിയിലുണ്ട്. കണ്ണോത്ത് കരുണാകരൻ മാരാർ എന്ന കെ.കരുണാകരൻ. സ്വാതന്ത്ര്യ സമരത്തിലൂടെ ഉരുവംകൊണ്ട ദേശീയവാദി. 4 തവണ മുഖ്യമന്ത്രി. നരസിംഹ റാവു മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയുമായി.
ഗുരുവായൂർ റെയിൽവേ ലൈൻ, കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം, നെടുമ്പാശേരി വിമാനത്താവളം, ഗോശ്രീ പാലം ഇങ്ങനെ കരുണാകരന്റെ കാലത്ത് തുടക്കമിട്ട വികസന പദ്ധതികൾ നിരവധിയാണ്. 2010 ഡിസംബർ 23ന്, ഈ ‘മാളയുടെ മാണിക്യം’ വിടവാങ്ങിയെങ്കിലും, ആ പ്രഭാവം ഇന്നും ഒളിമങ്ങാതെ നിൽക്കുന്നു.