മഞ്ചേരിയിൽ ചികിത്സ കിട്ടാതെ ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ വീഴ്ചയുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ കെ ശൈലജ. മഞ്ചേരി മെഡിക്കൽ കോളജിന് വീഴ്ച സംഭവിച്ചോ എന്ന് വിശദമായി പരിശോധിക്കും. വീഴ്ച പറ്റിയെന്ന് ബോധ്യപ്പെട്ടാൽ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി ട്വന്റിഫോറിനോട് പ്രതികരിച്ചു.
മഞ്ചേരി സ്വദേശിയായ എം.പി ഷെരീഫിന്റെ ഭാര്യ സഹലയ്ക്കാണ് മഞ്ചേരി മെഡിക്കൽ കോളജ് ഉൾപ്പെടെ മൂന്ന് ആശുപത്രികളിൽ ചികിത്സ നിഷേധിച്ചത്. മൂന്ന് ആശുപത്രികളിലും ചികിത്സ നിഷേധിച്ച് അവസാനഘട്ടത്തിലാണ് ഷെരീഫ് വിളിച്ചതെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് നേരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോയിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നു. മഞ്ചേരി മെഡിക്കൽ കോളജിൽ വിളിച്ച് കാര്യം അന്വേഷിച്ചപ്പോൾ മാസം തികയാതെയാണ് എത്തിയതെന്നാണ് അറിഞ്ഞത്. ഡോക്ടർമാർ പരിശോധിച്ച് പിന്നെ വന്നാൽ മതിയെന്നും പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ ആർടിപിസിആർ പരിശോധനാഫലം വേണമെന്നു പറഞ്ഞു. അങ്ങനെ ഒരു നിർദേശം സർക്കാർ നൽകിയിട്ടില്ല. ആന്റിജൻ പരിശോധനയുടെ നെഗറ്റീവ് റിസൾട്ട് ഉണ്ടെങ്കിൽ ചികിത്സ നൽകാം. ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.