കൂറുമാറുമെന്ന് ബോധ്യമുള്ള സാക്ഷികളെ പ്രോസിക്യൂഷന് ഒഴിവാക്കാവുന്നതാണെന്ന് ജസ്റ്റിസ് ചന്ദ്രു. പ്രോസിക്യൂട്ടർ അങ്ങനെ ചെയ്തില്ലെങ്കിൽ എന്തോ പിഴവുണ്ടെന്നും ജസ്റ്റിസ് ചന്ദ്രു വ്യക്തമാക്കി.
‘കൂറുമാറി എന്ന് പ്രഖ്യാപിക്കുന്നത് മാത്രമല്ല കോടതി ചെയ്യേണ്ടത്. സാക്ഷി കൂറുമാറിയാൽ കോടതിക്ക് പ്രോസിക്യൂട്ടറെ ക്രോസ് എക്‌സമിനേഷന് അനുവദിക്കാം. കൂറുമാറുന്ന സാക്ഷികളെ കോടതിക്ക് അവിശ്വസിക്കാം. അവർ പൊലീസിന് നൽകിയ മൊഴി കോടതിക്ക് പരിഗണിക്കാം. 50 സാക്ഷികളിൽ 20 പേര് കൂറുമാറിയ കേസുകൾ ഉണ്ട്. അവ അട്ടിമറിക്കപ്പെട്ടിട്ടില്ല’- ജസ്റ്റിസ് ചന്ദ്രു പറഞ്ഞു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതിയാണ് തീരുമാനിക്കേണ്ടതെന്നും ജസ്റ്റിസ് ചന്ദ്രു ചൂണ്ടിക്കാട്ടി. ഹൈക്കോടതിക്ക് പുതിയ വിചാരണയ്ക്ക് ആവശ്യപ്പെടാൻ കഴിയുമെന്നും ജസ്റ്റിസ് ചന്ദ്രു പറഞ്ഞു.
അതേസമയം, കേസിൽ വിചാരണ ഇന്ന് പുനരാരംഭിക്കും. കേസിൽ കഴിഞ്ഞ ദിവസം ഹാജരാകാതിരുന്ന 25ാം സാക്ഷി രാജേഷ് 26ാം സാക്ഷി ജയകുമാർ ഉൾപ്പെടെ ഏഴ് സാക്ഷികളെ ഇന്ന് മണ്ണാർക്കാട് എസ്‌സിഎസ്ടി കോടതി വിസ്തരിക്കും. ഈ മാസം 31 നകം വിചാരണ നടപടികൾ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.12 സാക്ഷികളാണ് ഇതുവരെ കേസിൽ കൂറുമാറിയത്. കേസിൽ കോടതി ജാമ്യം അനുവദിച്ച പ്രതികൾ ഉപാദികൾ ലംഘിച്ചെന്ന് കാണിച്ച് പ്രതികൾക്കെതിരെ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പരാതി നൽകിയിരുന്നു.