India Kerala

ജോയ്‌സ് ജോര്‍ജ് എം.പിയോ കുടുംബമോ ഭൂമി തട്ടിയെടുത്തിട്ടില്ലെന്ന് മുന്‍ ഭൂവുടമകള്‍

ജോയ്‌സ് ജോര്‍ജ് എം.പിയോ കുടുംബാംഗങ്ങളോ കൊട്ടാക്കമ്പൂരില്‍ ഭൂമി തട്ടിയെടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മുന്‍ ഭൂവുടമകള്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് അപേക്ഷ നല്‍കുകയും പട്ടയം അനുവദിക്കുകയായിരുന്നെന്നും ചൂണ്ടിക്കാട്ടി ഭൂമിയുടെ മുന്‍ ഉടമകളുമായ ഗണേശന്‍, ബാലന്‍, ലക്ഷ്മി എന്നിവരാണ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

പവര്‍ ഓഫ് അറ്റോര്‍ണിയുടെ അടിസ്ഥനത്തിലാണ് എം.പി യുടെ പിതാവ് ജോര്‍ജ് പാലിയത്ത് ഭൂമി ഇടപാടുകള്‍ നടത്തിയിട്ടുള്ളതെന്നണ് ഭൂ ഉടമകള്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്. മുന്‍ ഭൂവുടമകളില്‍ നിന്ന് ജോയ്‌സ് ജോര്‍ജ് എം.പിയുടെ പിതാവ് ഭൂമി തട്ടിയെടുത്തു എന്ന് ആരോപിച്ച് ഉടുമ്പഞ്ചോല സ്വദേശി മുകേഷ് നല്‍കിയ ഹരജിയാണ് ഈ വിശദീകരണം.

പട്ടയം നല്‍കുമെന്ന സര്‍ക്കാറിന്റെ ഉറപ്പിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ കൈവശമുള്ള ഭൂമിക്ക് സ്വന്തം പേരില്‍ പട്ടയത്തിന് അപേക്ഷ നല്‍കുകയായിരുന്നെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഗണേശന്റെ കൈവശമുള്ള 1.61 ഹെക്ടര്‍ ഭൂമിക്കും ബാലന്റെ 1.68 ഹെക്ടറിനും ലക്ഷ്മിയുടെ 1.62 ഹെക്ടറിനും ദേവികുളം തഹസീല്‍ദാര്‍ പട്ടയം അനുവദിക്കുകയും ചെയ്തു.

എന്നാല്‍, തങ്ങളുടെ സാമ്പത്തിക പരാധീനത കൊണ്ടും കൃഷി ചെയ്യാനുള്ള ശേഷിക്കുറവ് കൊണ്ടും മൂന്ന് പേരും 2001 ഓക്ടോബര്‍ 22ന് ദേവികുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് പട്ടയ ഭൂമികളുടെ പവര്‍ ഓഫ് അറ്റോര്‍ണി ജോര്‍ജ് പാലിയത്തിന് കൈമാറുകയായിരുന്നെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.