ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇരട്ടത്താപ്പെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതിയും ഇടുക്കി മുന്‍ എം.പി ജോയ്സ് ജോര്‍ജും. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ച ചെയ്യപ്പെടണം എന്നത് സ്ഥാപിത താല്‍പര്യമാണ്. പ്രകൃതിയെ സംരക്ഷിക്കാന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അല്ലാതെയും മാര്‍ഗങ്ങളുണ്ടെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളായ എ.കെ ആന്റണിയും മുല്ലപ്പള്ളി രാമചന്ദ്രനുമടക്കം ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ചര്‍ച്ചയാകാമെന്ന അഭിപ്രായവുമായി രംഗത്തെത്തിയതോടെയാണ് ഹൈറേഞ്ച് സംരക്ഷണ സമിതി നിലപാട് വ്യക്തമാക്കി വീണ്ടും രംഗത്തെത്തിയത്. ഇന്നത്തെ സാഹചര്യത്തില്‍ ഒളിയമ്പ് എകെ ആന്റണിക്കും മുല്ലപ്പള്ളിക്കും പി.ടി തോമസിനും എതിരെ തന്നെ.
ഇരയ്ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാക്കളുടേതെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിയമോപദേശകനും ഇടുക്കി മുന്‍ എം.പിയുമായ ജോയ്സ് ജോര്‍ജ്. പശ്ചിമഘട്ടം സംരക്ഷിക്കുന്നതിന് മാധവ ഗാഡ്ഗില്‍ റിപ്പോര്‍ട്ടല്ല ശാശ്വത പരിഹാരം. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അന്തിമവിജ്ഞാപനത്തിനായി നേതാക്കള്‍ ശ്രമിക്കണമെന്നും സമിതി കണ്‍വീനര്‍ പറയുന്നു.