Kerala

സിദ്ദിഖ് കാപ്പന്റെ മോചനം: ഭാര്യ പ്രതിപക്ഷ നേതാവിന് നിവേദനം നല്‍കി

വിചാരണകൂടാതെ ഒരു വര്‍ഷമായി യുപി ഭരണകൂടം ജയിലിലടച്ചിരിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ഭാര്യ പ്രതിപക്ഷ നേതാവിന് നിവേദനം നല്‍കി. മോചനത്തിന് ഇടപെടല്‍ ആവശ്യപ്പെട്ടാണ് ഭാര്യ റൈഹാനത്ത്, മകന്‍ മുസ്സമ്മില്‍ എന്നിവരാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെ സന്ദര്‍ശിച്ച്‌ നിവേദനം നല്‍കിയത്.

മോചനത്തിന് ആവശ്യമായ എല്ലാ സഹായവും പ്രതിപക്ഷ നേതാവ് ഉറപ്പ് നല്‍കി. മോചനത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് റൈഹാനത്ത് മുഖ്യമന്ത്രിയെയും മറ്റു നേതാക്കളേയും സന്ദര്‍ശിച്ചിരുന്നു. ഉച്ചയക്ക് മൂന്നിന് ഈ വിഷയത്തില്‍ റൈഹാനത്ത് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

ഉത്തർപ്രദേശിലെ ഹാത്രസിൽ ദളിത് പെണ്കുട്ടി കൊല്ലപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ സിദ്ദിഖ് കാപ്പനെ യുപി പൊലീസ് പോപുലർ ഫ്രണ്ട്​ ബന്ധമാരോപിച്ച് അറസ്റ്റു ചെയ്യുകയായിരുന്നു. കാപ്പനെതിരെ യുഎപിഎ ചുമത്തിയ പൊലീസ് കഴിഞ്ഞ ദിവസമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. മഥുര ജയിലിൽ കഴിയുന്ന സിദ്ദിഖ് കാപ്പന് ചികിത്സ നിഷേധിക്കുന്നുവെന്ന് ആരോപിച്ച് ഭാര്യ നേരത്തെ രംഗത്ത് വന്നിരുന്നു.