Kerala

കെഎം ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് രണ്ട് വർഷം; പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ഇപ്പോഴും സര്‍ക്കാരിന്‍റെ പ്രധാനപ്പെട്ട തസ്തികയില്‍

മാധ്യമപ്രവർത്തകന്‍ കെഎം ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുന്നു. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരയിൽ ഓടിച്ച വാഹനമിടിച്ചാണ് കെഎം ബഷീർ കൊല്ലപ്പെട്ടത്. കേസിൽ  കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയിട്ടില്ല. കൊലക്കേസ് പ്രതിയായ ശ്രീറാം ഇപ്പോഴും സര്‍ക്കാരിന്‍റെ പ്രധാനപ്പെട്ട തസ്തികയില്‍ ജോലി ചെയ്യുന്നുണ്ട്.

പരിചയപ്പെടുന്ന ഓരോരുത്തര്‍ക്കും പ്രിയപ്പെട്ടവനാകുമായിരുന്നു കെഎം ബഷീർ. കെ.എം.ബിയുടെ അകാല വിയോഗത്തിൻ്റെ ഞെട്ടലിൽ നിന്ന്, രണ്ടാണ്ട് പിന്നിടുമ്പോഴും സുഹൃത്തുക്കളും ബന്ധുക്കളും മോചിതരല്ല.

2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് അമിതവേഗതയില്‍ ഓടിച്ച കാറിടിച്ച് ബൈക്കില്‍ സഞ്ചരിച്ച ബഷീര്‍ കൊല്ലപ്പെടുന്നത്. ശ്രീറാം ഓടിച്ചിരുന്ന കാര്‍ ബഷീറിന്റെ ബൈക്കിനെ ഇടിച്ച് പബ്ലിക് ഓഫീസിന്റെ മതിലിനോട് ചേര്‍ത്ത് നിര്‍ത്തിയ നിലയിലായിരുന്നു.

കേസില്‍ ഒന്നാം പ്രതിയായി ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസിനെയും  കൂട്ടു പ്രതിയായി വഫാ നജീമിനേയും ഉള്‍പ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ട് ഒന്നരവര്‍ഷം കഴിഞ്ഞെങ്കിലും വിചാരണ ആരംഭിച്ചിട്ടില്ല. നരഹത്യ കേസില്‍ ശ്രീറാം വെങ്കിട്ടരാമനും വഫയും ഈ മാസം  ഒന്‍പതിന് ഹാജരാകാന്‍  തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടിട്ടുണ്ട്.

മദ്യലഹരിയില്‍ വാഹനമോടിച്ചിരുന്ന ശ്രീറാമിൻ്റെ രക്തപരിശോധന നടത്താതെ സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടയച്ചതടക്കം കേസ് അട്ടിമറിക്കാന്‍ പൊലീസ് ആദ്യഘട്ടം മുതല്‍ ശ്രമിച്ചത് വിവാദമായിരിന്നു. മാധ്യമമേഖലയില്‍ നിന്നടക്കമുള്ള ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരിന്നു ശ്രീറാം അറസ്റ്റ് ചെയ്യപ്പെട്ടത്. തെളിവു നശിപ്പിക്കാന്‍ ശ്രീറാം ബോധപൂര്‍വം നടത്തിയ ശ്രമങ്ങള്‍ അക്കമിട്ട് നിരത്തിയാണ് അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

കാറിന്റെ അമിത വേഗതയും അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്നുമുള്ള വസ്തുതയും ഉള്‍പ്പെടെ ശാസ്ത്രീയമായ തെളിവുകള്‍ നിരത്തിയാണ് കുറ്റപത്രം.  ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോഴൊക്കെ അകാരണമായ ന്യായങ്ങള്‍ നിരത്തി കോടതിയില്‍ ഹാജരാകാതെ മാറി നില്‍ക്കാന്‍ ശ്രീറാം ശ്രമിച്ചതും വിവാദമായിട്ടുണ്ട്.

അതിനിടെ ശ്രീറാം സർവീസില്‍ തിരികെ പ്രവേശിക്കുകയും ചെയ്തു.വിചാരണക്കൊടുവില്‍ ബഷീറിന് നീതി ലഭ്യമാക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബവും സ്നേഹിതരും.