കെ.എം മാണിയുടെ ചിത്രം മനസിലുള്ള പാലാക്കാര്‍ തന്നെ വിജയിപ്പിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം പറയുന്നു. കേരളാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന ജോസ് ടോം എന്നും മാണി കുടുംബത്തിന്റെ വിശ്വസ്തനാണ്.
പാലായ്ക്ക് കെ.എം മാണി അല്ലാതെ ഒരു പിന്തുടര്‍ച്ചക്കാരനെത്തി. അതും കരിങ്ങോഴയ്ക്കല് കുടുംബത്തിന്റെ വിശ്വസ്തനായ സുഹൃത്ത്. കേരളാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കെ.എം മാണിയാണ് ജോസ് ടോമിനെ കൈ പിടിച്ച് പൊതുരംഗത്തേക്കെത്തിച്ചത്. 1980ല്‍ കേരളാ യൂണിവേഴ്സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി. പിന്നീട് കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനം. കാലടി കോളജില്‍ നിന്ന് ബിരുദം. തിരുവനന്തപുരം ലോ കോളേജില്‍ നിന്നും നിയമപഠനം പൂര്‍ത്തിയാക്കി. എം.ജി യൂണിവേഴ്സിറ്റി സെനറ്റ് അംഗം. കോട്ടയം ജില്ലാ കൌണ്‍സില്‍ രൂപീകരിച്ചപ്പോള്‍ പാലായുടെ പ്രതിനിധി. മീനച്ചിലാര്‍ ഗ്രാമപഞ്ചായത്ത് അംഗം, കോട്ടയം ജില്ലാ സഹകരണ ബാങ്ക് ഭരണസമിതി അംഗം എന്നീ നിലകളില്‍ പൊതുരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു.
നാലാം തവണ കളത്തിലിറങ്ങുന്ന എതിര്‍ സ്ഥാനാര്‍ഥി മാണി സി. കാപ്പന്‍, ജോസഫ് വിഭാഗം നേതാക്കളുടെ എതിര്‍പ്പ്, നിഷാ ജോസ് കെ. മാണി പിന്തുണച്ചവര്‍ ഇങ്ങനെ ജോസ് ടോമിന് കടമ്പകള്‍ നിരവധി കടന്നു വേണം പാലാ പിടിക്കാന്‍.