Kerala

ജോസ് കെ. മാണി ഇന്ന് ഇടത് മുന്നണിയുടെ ഭാഗമാകും

ജോസിന്‍റെ മുന്നണി പ്രവേശനം വൈകിട്ട് ചേരുന്ന യോഗത്തില്‍ തീരുമാനിക്കും. കേരള കോണ്‍ഗ്രസ് എമ്മിനെ ഇടത് മുന്നണിയുടെ ഘടകകക്ഷിയാക്കി ഉള്‍പ്പെടുത്തുമെന്നാണ് സൂചന

ജോസ് കെ. മാണി ഇന്ന് ഇടത് മുന്നണിയുടെ ഭാഗമാകും. ജോസിന്‍റെ മുന്നണി പ്രവേശനം വൈകിട്ട് ചേരുന്ന യോഗത്തില്‍ തീരുമാനിക്കും. കേരള കോണ്‍ഗ്രസ് എമ്മിനെ ഇടത് മുന്നണിയുടെ ഘടകകക്ഷിയാക്കി ഉള്‍പ്പെടുത്തുമെന്നാണ് സൂചന. ജോസിന്‍റെ മുന്നണി പ്രവേശനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന സി.പി.ഐ പഴയ നിലപാടില്‍ നിന്ന് പിന്നോട്ട് പോയതോടെ സി.പി.എം ആശ്വാസത്തിലാണ്. മാത്രമല്ല ജോസിനെ മുന്നണിയുമായി സഹകരിപ്പിക്കുന്നതിനപ്പുറം ഘടകകക്ഷിയാക്കണമെന്ന സി.പി.എം നിലപാടിനോടും സി.പി.ഐ യോജിക്കുന്നുണ്ട്.

കേരള കോണ്‍ഗ്രസ് എം. എല്‍.‍ഡി.എഫില്‍ വരുന്നത് കൊണ്ട് കാര്യമായ ഗുണമുണ്ടാകില്ലെന്ന മുന്‍നിലപാടില്‍ സി.പി.ഐ മാറ്റം വരുത്തിയിട്ടില്ലെങ്കിലും പരസ്യമായി ഇനി അത് പറയേണ്ടതില്ലെന്നാണ് ധാരണ. യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്താനുള്ള സാഹചര്യം ഉപയോഗക്കപ്പെടുത്തണമെന്ന് സി.പി.ഐ എക്സിക്യൂട്ടീവ് തീരുമാനിച്ചിട്ടുണ്ട്.

അതുകൊണ്ട് ജോസ് ഇന്ന് തന്നെ ഇടത് മുന്നണിയുടെ ഭാഗമാകും. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ സീറ്റ് വിഭജനത്തിലും പ്രചരണ പരിപാടികളിലും ഇനി മുതല്‍ ജോസിനെ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം കീഴ് ഘടകങ്ങള്‍ക്ക് ഇന്ന് ഔദ്യോഗികമായി നല്‍കും. പാലാ സീറ്റ് വിട്ടു നല്‍കില്ലെന്ന നിലപാട് എന്‍.സി.പി എല്‍.ഡി.എഫ് യോഗത്തെ അറിയിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഈ ഘട്ടത്തില്‍ നടത്തേണ്ടതില്ലെന്നും അത്തരത്തിലുള്ള മാധ്യമവാര്‍ത്തകളുടെ പേരില്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന സി.പി.എം സ്വീകരിക്കാനാണ് സാധ്യത.