Kerala

കേരള കോണ്‍ഗ്രസിന്‍റെ ഇടതുമുന്നണി പ്രവേശനം ഉടന്‍; നിയമസഭാ സീറ്റ് സംബന്ധിച്ച് ധാരണയായി

കേരളാ കോണ്‍ഗ്രസ് എം ജോസ് കെ. മാണി വിഭാഗത്തിന്‍റെ ഇടതുമുന്നണി പ്രവേശപ്രഖ്യാപനം ഈ ആഴ്ച ഉണ്ടായേക്കും.സി.പി.ഐ നിലപാട് മയപ്പെടുത്തിയതും ജോസ് വിഭാഗത്തിന്‍റെ എല്‍.ഡി.എഫ് പ്രവേശനത്തിന് സാധ്യത വര്‍ധിപ്പിച്ചു

കേരളാ കോണ്‍ഗ്രസ് എം ജോസ് കെ. മാണി വിഭാഗത്തിന്‍റെ ഇടതുമുന്നണി പ്രവേശപ്രഖ്യാപനം ഈ ആഴ്ച ഉണ്ടായേക്കും. എല്‍.ഡി.എഫുമായി നിയമസഭാ സീറ്റുകളുടെ കാര്യത്തില്‍ അന്തിമ ധാരണയിലേക്ക് എത്തി. സി.പി.ഐ നിലപാട് മയപ്പെടുത്തിയതും ജോസ് വിഭാഗത്തിന്‍റെ എല്‍.ഡി.എഫ് പ്രവേശനത്തിന് സാധ്യത വര്‍ധിപ്പിച്ചു.

ഇടതുമുന്നണി പ്രവേശനത്തിന് അധികം കാത്തിരിപ്പ് ആവശ്യമില്ലെന്നാണ് ജോസ് കെ മാണി കേരളാ കോണ്‍ഗ്രസ് എം നേതാക്കള്‍ക്ക് നല്‍കിയ സന്ദേശം. എല്‍ഡിഎഫുമായി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ അന്തിമ സീറ്റ് ധാരണയിലേക്ക് ഉടന്‍ എത്തിച്ചേരും. കോട്ടയം ജില്ലയിലെ പാലാ, ചങ്ങനാശേരി, കടുത്തുരുത്തി, പൂഞ്ഞാര്‍, എന്നിവയും ഇടുക്കി മണ്ഡലവും ധാരണയിലേക്ക് എത്തിയതായാണ് സൂചന. കാലങ്ങളായി മല്‍സരിക്കുന്ന കാഞ്ഞിരപ്പള്ളി നിയമസഭാ സീറ്റ് സംബന്ധിച്ച് സി.പി.ഐയുമായി ധാരണയുണ്ടാക്കാനുള്ള അവസാന ശ്രമത്തിലാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സീറ്റുകളുടെ ധാരണകളുടെ അടിസ്ഥാനത്തിലുമാണ് സി.പി.ഐ നിലപാട് മയപ്പെടുത്തിയത്.

സി.പി.എം സിറ്റിംഗ് സീറ്റുകളെങ്കിലും കേരളാകോണ്‍ഗ്രസിന് വേരുള്ള ഇരിങ്ങാലക്കുട, പേരാമ്പ്ര എന്നിവയില്‍ ഒന്നുകൂടി ജോസ് വിഭാഗം ആവശ്യപ്പെട്ടേക്കും. മുന്നണി പ്രവേശനം സാധ്യമാകുന്ന മുറയ്ക്ക് എല്‍ഡിഎഫിലെ ഘടകകക്ഷിയായ ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെ കൂടി ഉള്‍ക്കൊണ്ട് ഒരു പാര്‍ട്ടിയായി മുമ്പോട്ടു പോകണമെന്ന നിര്‍ദേശം സി.പി.എം ജോസ് കെ. മാണിയെ മുമ്പില്‍ വച്ചേക്കും.