കോൺഗ്രസിൽ നിന്നും യുഡിഎഫിൽ നിന്നും മുതിർന്ന നേതാക്കൾ കേരളാ കോൺഗ്രസ് എമ്മിലേക്ക് വരാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ജോസ് കെ മാണി. പലരുമായും ചർച്ച നടത്തി കഴിഞ്ഞു. പതിനാലിന് സ്റ്റിയറിങ് കമ്മിറ്റി യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഒരു സർക്കാർ പദവിയും ഏറ്റെടുക്കാൻ ഇല്ലെന്നും ജോസ് കെ മാണിപറഞ്ഞു. ഭരണപരിഷ്കാര കമ്മീഷന്‍ സ്ഥാനത്തേക്ക് ജോസ് കെ മാണിയെ പരിഗണിക്കുന്നു എന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമായും ജോസഫ് ഗ്രൂപ്പില്‍ നിന്നും കോണ്‍ഗ്രസ്സില്‍ നിന്നും ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച നേതാക്കള്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ ഭാഗമാകാന്‍ താത്പര്യം കാണിച്ചുവെന്നും ചര്‍ച്ചകള്‍ നടന്നുവെന്നും ഉള്ള സൂചനയാണ് ജോസ് കെ മാണി നല്‍കുന്നത്. എന്നാല്‍ കൂടുതല്‍ നേതാക്കളെ കൊണ്ടുവരുന്നതിലല്ല, താഴേത്തട്ടില്‍ നിന്നുതന്നെ അണികളെ കൊണ്ടുവന്ന് പാര്‍ട്ടി ശക്തിപ്പെടുത്തണമെന്ന നീക്കമാണ് കേരള കോണ്‍ഗ്രസ് എം നടത്തുന്നത്. സിപിഎമ്മും ഇതിനെയാണ് അനുകൂലിക്കുന്നത്.
അതുകൊണ്ടുതന്നെ പാര്‍ട്ടിയില്‍ വന്നു കഴിഞ്ഞാല്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാത്ത നേതാക്കളെ സ്വാഗതം ചെയ്യാനാണ് പാര്‍ട്ടിയുടെ തീരുമാനം. തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി വിപുലീകരിക്കാനുള്ള നടപടികളിലാണ് പാര്‍ട്ടി. ഇതിനായി പാര്‍ട്ടിയുടെ ഭരണഘടനയില്‍ പോലും മാറ്റം വരുത്തിയേക്കും.