കേരളാ കോണ്‍ഗ്രസ് ചെയര്മാന് പദവിയില്‍ താന്‍ എത്തണമെന്നത് ന്യായമായ കാര്യമാണെന്നും മുമ്പ് പാര്‍ട്ടിയിലുണ്ടായിരുന്ന കീഴ് വഴക്കങ്ങള്‍ തുടരുമെന്നും പി.ജെ ജോസഫ്. പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഉടന്‍ വിളിക്കും. ജോസ് കെ മാണി വിഭാഗം യോഗത്തില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്നും പി.ജെ ജോസഫ് പറഞ്ഞു. എന്നാല്‍ പി.ജെ ജോസഫിന്റെ വാദങ്ങള്‍ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നാണ് ജോസ് കെ മാണി വിഭാഗം വ്യക്തമാക്കുന്നത്.
മധ്യസ്ഥ ചര്‍ച്ചകളിലൂടെ ചെയര്മാന് പദവിയിലെത്താമെന്ന ജോസ് കെ മാണിയുടെ നീക്കത്തിന് പി.ജെ ജോസഫ് വീണ്ടും തടയിട്ടു. സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് 127 നേതാക്കള്‍ ഒപ്പിട്ട കത്ത് പി.ജെക്ക് നല്‍കിയിരുന്നു. കത്ത് ലഭിച്ചെന്നും ഇപ്പോള്‍ പാര്‍ലമെന്ററി പാര്‍ട്ടി വിളിച്ചു ചേര്‍ക്കാനാണ് തീരുമാനമെന്നും ജോസഫ് ആവര്‍ത്തിച്ചു. ശേഷം ചെയര്മാന് പദവിയില്‍ സമവായമുണ്ടാക്കി സംസ്ഥാന സമിതി വിളിക്കുമെന്നും ജോസഫ് പറയുന്നു. കെ.എം മാണി ഉണ്ടായിരുന്നപ്പോഴുള്ള കീഴ് വഴക്കം തുടരുമെന്നും ന്യായമായത് ഉണ്ടാകണമെന്നും ജോസഫ് അടിവരയിട്ട് വ്യക്തമാക്കുന്നു.