Kerala

ജോസഫിനൊപ്പം പോയവരെ തിരികെയെത്തിക്കാനുള്ള തീവ്രശ്രമവുമായി ജോസ് കെ മാണി

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെതിരെ ജോസഫ് വിഭാഗം നാളെ ഡൽഹി ഹൈക്കോടതിയിൽ തടസ്സവാദം ഉന്നയിച്ചേക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്‍പ് മുന്നണി പ്രവേശനം ഉണ്ടാകുമെന്ന് ജോസ് കെ മാണി വ്യക്തമാക്കിയതോടെ പഞ്ചായത്ത് തലത്തിൽ നീക്കങ്ങൾ സജീവമാക്കുകയാണ് ജോസ് വിഭാഗം. ജോസഫിനൊപ്പം മറുകണ്ടം ചാടിയവരെ തിരികെ കൊണ്ടുവരികയെന്ന തന്ത്രവും ജോസ് വിഭാഗം പയറ്റുകയാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെതിരെ ജോസഫ് വിഭാഗം നാളെ ഡൽഹി ഹൈക്കോടതിയിൽ തടസ്സവാദം ഉന്നയിച്ചേക്കും.

ബൂത്ത്, പഞ്ചായത്ത് തലത്തിൽ ജോസഫിനൊപ്പം ചേക്കേറിയവരെ പുറത്തു ചാടിക്കാനാണ് ജോസ് കെ മാണി വിഭാഗത്തിന്റെ ശ്രമം. രണ്ടിലയിൽ മത്സരിച്ച് ജയിച്ച് പി ജെ ജോസഫിനൊപ്പം പോയ പഞ്ചായത്ത് മെമ്പർമാർ അടക്കം തിരികെ മടങ്ങണമെന്ന് ജോസ് കെ മാണി പറയുന്നു. നിയമ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് ഉള്ളതിനാൽ പലരും മറിച്ചു ചിന്തിക്കാനും സാധ്യതയുണ്ട്.

ചിഹ്നം മരവിക്കപ്പെടും എന്ന് കണക്കു കൂട്ടിയ ജോസഫ് വിഭാഗം തിരിച്ചടിയെ മറികടക്കാനുള്ള ശ്രമത്തിലാണ്. അതേസമയം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ ജോസഫ് വിഭാഗം നാളെ ഡൽഹി ഹൈക്കോടതിയിൽ തടസ്സവാദം ഉന്നയിക്കാനുള്ള തയ്യാറെടുപ്പിലാണ്. കമ്മീഷൻ കണ്ടെത്തലിൽ മൂന്ന് പേരിൽ ഒരാൾ വിയോജിപ്പ് അറിയിച്ചു എന്ന വാദമാകും ഉന്നയിക്കുക. കട്ടപ്പന മജിസ്‌ട്രേറ്റ് കോടതി അടക്കമുള്ള കോടതികളിൽ മുമ്പ് അനുകൂല വിധിയുണ്ടായതും ജോസഫ് വിഭാഗം ചൂണ്ടിക്കാട്ടും. ജോസ് കെ മാണി വിഭാഗം വിപ് ലംഘന പരാതി ഉയർത്തിയാൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയിട്ടുള്ള രേഖകൾ വച്ചു ഖണ്ഡിക്കാൻ ആകും എന്ന വിശ്വാസത്തിലാണ് ജോസഫ് വിഭാഗം.