Kerala

മുന്നണിപ്രവേശന പ്രഖ്യാപനം ബുധനാഴ്ചക്കകമെന്ന് ജോസ് കെ. മാണി

കേരളാ കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന്‍റെ ഇടതു മുന്നണി പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം ബുധനാഴ്ചയ്ക്കകം ഉണ്ടാകുമെന്ന് ജോസ് കെ. മാണി സ്റ്റിയറിങ് കമ്മിറ്റിയെ അറിയിച്ചു. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള സീറ്റുകളും നിയമസഭാ സീറ്റുകളും സംബന്ധിച്ച് അന്തിമ ചര്‍ച്ചകള്‍ നടക്കുന്നതിനാലാണ് പ്രഖ്യാപനം വൈകുന്നത്. ദിശയില്ലാതെ ഒഴുകി നടക്കുന്ന കൊതുമ്പുവള്ളമാണ് ജോസ് വിഭാഗമെന്ന് പി. ജെ ജോസഫ് പരിഹസിച്ചു.

ഇടതുമുന്നണി പ്രവേശനത്തിന് സര്‍വ്വം സജ്ജമെങ്കിലും ചില നിയമസഭാ സീറ്റില്‍ അന്തിമ ധാരണയില്‍ എത്താതെ ഉഴലുന്നതാണ് ജോസ് വിഭാഗത്തിന്‍റെ മുന്നണി പ്രവേശന പ്രഖ്യാപനം വൈകുന്നത്. എന്‍സിപി മല്‍സരിക്കുന്ന പാലാ സീറ്റ് ലഭിക്കുമെന്ന ഉറപ്പിലാണ് ജോസ് വിഭാഗം. പകരം കുട്ടനാട് സീറ്റിന് അവകാശപ്പെടില്ല. 14 സീറ്റുകള്‍ ആവശ്യപ്പെടുന്നുവെങ്കിലും അത്രയും സീറ്റുകള്‍ ലഭിക്കാന്‍ ഇടയില്ല. മുന്നണി പ്രവേശം സാധ്യമാകുന്നതോടെ കാഞ്ഞിരപ്പള്ളി സീറ്റില്‍ സി.പി.ഐ അയയുമെന്ന പ്രതീക്ഷയിലാണ് ജോസ് വിഭാഗം. ഇനി താമസം വിനാ പ്രഖ്യാപനം എന്നത് പാര്‍ട്ടി അണികളെ ജോസ് കെ.മാണി അറിയിച്ചുകഴിഞ്ഞു.

മുന്നണി പ്രവേശന പ്രഖ്യാപനം ഉടനെന്ന് ജോസ് കെ മാണി പലതവണ ആവര്‍ത്തിച്ചിട്ടും അവര്‍ക്ക് അതിന് സാധിക്കുന്നില്ലെന്ന് പി.ജെ ജോസഫ് പറഞ്ഞു. ജോസ് വിഭാഗം മുങ്ങിതാഴാന്‍പോകുന്ന കൊതുമ്പുവള്ളമെന്നാണ് പി. ജെയുടെ പരിഹാസം

ജോസ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും ഇടതുപക്ഷത്തോടൊപ്പം ചേരാനുള്ള പാര്‍ട്ടി തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും, വരുന്ന തെരഞ്ഞെടുപ്പുകളില്‍ മാന്യമായ പരിഗണന പാര്‍ട്ടിക്ക് ലഭിക്കുമെന്ന ഉറപ്പ് വേണമെന്നും പാര്‍ട്ടി ഭാരവാഹികള്‍ ജോസ് കെ. മാണിയെ ഓര്‍മിപ്പിച്ചു.