India Kerala

ചെയര്‍മാന്‍ സ്ഥാനത്തിനായി നിര്‍ണ്ണായക നീക്കം

ചെയര്‍മാന്‍ സ്ഥാനത്തിനായി നിര്‍ണ്ണായക നീക്കം നടത്താനൊരുങ്ങുന്ന ജോസ് കെ. മാണി വിഭാഗത്തിന് തിരിച്ചടിയെന്ന് സൂചന. സംസ്ഥാന സമിതിയംഗങ്ങളുടെ ഒപ്പ് ശേഖരണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ പകുതി പേരുടെ പിന്തുണ പോലും ലഭിച്ചില്ലെന്നാണ് വിവരം. ഒപ്പ് ശേഖരണം പൂര്‍ത്തിയായാല്‍ ഉടന്‍ സംസ്ഥാന സമിതി വിളിക്കാന്‍ പി.ജെ ജോസഫിനടക്കം നിവേദനം നല്കാനാണ് ജോസ് കെ. മാണി വിഭാഗം ശ്രമിക്കുന്നത്.

സംസ്ഥാന സമിതിയിലെ ഭൂരിപക്ഷം മുതലെടുത്ത് ജോസ് കെ.മാണിയെ പാര്‍ട്ടി ചെയര്‍മാനാക്കാനാണ് ഒരു വിഭാഗം നീക്കം നടത്തിയത്. എന്നാല്‍ ജോസ് കെ. മാണി നടത്തിയ ഈ നീക്കത്തിന് കാര്യമായ പ്രതികരണം മാണി വിഭാഗത്തില്‍ നിന്നും ഉണ്ടാകുന്നില്ലെന്നാണ് സൂചന.

തര്‍ക്കം ഉണ്ടാകരുതെന്ന് പറയുന്നവരും ജോസഫ് വിഭാഗവും മാറി നിന്നതോടെ ജോസ് കെ.മാണി വിഭാഗം നടത്തുന്ന ഒപ്പ് ശേഖരണം പാളിയതായാണ് സൂചന. ഇതുവരെ 130 പേര്‍ മാത്രമാണ് നിവേദനത്തില്‍ ഒപ്പിട്ടത്. സംസ്ഥാന സമിതിയിലെ കൂടുതല്‍ ആളുകള്‍ ഒപ്പിടാന്‍ വൈകുന്നത് ജോസ് കെ.മാണി വിഭാഗത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

സംസ്ഥാന സമിതിയിലെ 90 ശതമാനം പേരും തങ്ങള്‍ക്കൊപ്പം ഉണ്ടെന്ന് കാട്ടി സംസ്ഥാന സമിതി വിളിപ്പിക്കാനുളള ശ്രമങ്ങള്‍ ഇതോടെ വൈകുകയാണ്. ആഗസ്ത് 3 വരെ കോടതിയില്‍ നിന്ന് സ്റ്റേ കിട്ടിയതും ജോസ് കെ.മാണി വിഭാഗത്തിന് തിരിച്ചടിയാണ്.

പാര്‍ട്ടി പിളര്‍ക്കാന്‍ ഉദ്ദേശമില്ലെന്ന നിലപാടാണ് ഇപ്പോള്‍ ജോസഫ് വിഭാഗം സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ജോസ് കെ.മാണിയെ അംഗീകരിക്കാന്‍ തയ്യാറാകാത്തവരുടെ പിന്തുണയും ജോസഫിനുണ്ട്. പാര്‍ലിമെന്ററി യോഗത്തിലും ഉന്നതാധികാര സമിതിയിലും ഇതിനോടകം ജോസഫ് വിഭാഗത്തിന് മേല്‍ക്കൈ നേടാനായെന്നാണ് സൂചന.