India Kerala

പി.ജെ ജോസഫിനെതിരെ നിലപാട് കടുപ്പിച്ച് ജോസ് കെ. മാണി

പാര്‍ട്ടി പദവികളെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പി.ജെ ജോസഫിനെതിരെ നിലപാട് കടുപ്പിച്ച് ജോസ് കെ മാണി. സ്പീക്കർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും ജോസഫ് കത്ത് നൽകിയത് പാർട്ടിയിൽ ആലോചിക്കാതെയാണ് . തീരുമാനമെടുക്കാനായി പാര്‍ട്ടി കമ്മിറ്റി വിളിച്ച് ചേര്‍ക്കണമെന്നും ജോസ് കെ മാണി പറഞ്ഞു . അതേസമയം അവസാനവട്ട ഒത്തുതീർപ്പ് ശ്രമങ്ങളും ജോസ് കെ മാണി വിഭാഗം നടത്തുന്നുണ്ട്.

ചെയർമാന്റ അഭാവത്തിൽ അധികാരം വർക്കിംഗ് ചെയർമാനാണെന്ന് കാട്ടിയാണ് കഴിഞ്ഞദിവസം പി.ജെ ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷൻ കത്തു നൽകിയത്. ഈ കത്ത് ഭരണഘടനാ വിരുദ്ധമാണെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതിന് പിന്നാലെയാണ് ജോസ് കെ മാണി തന്നെ ജോസഫിനെതിരെ രംഗത്തെത്തിയത്. സ്പീക്കർക്കും കമ്മീഷനും നൽകിയ രണ്ട് കത്തുകളും പാർട്ടിയിൽ ഒരിടത്തും ചർച്ച ചെയ്തില്ല. ജനാധിപത്യ രീതിയിൽ കമ്മറ്റികൾ വിളിച്ച് ചേർത്താണ് തീരുമാനങ്ങൾ എടുക്കേണ്ടതെന്നും ജോസ് കെ മാണി പറഞ്ഞു.

വിമത നീക്കമായി കാണുമെന്നതിനാൽ ജോസഫിനെതിരായി സമാന്തര യോഗം വിളിക്കേണ്ടെന്നാണ് ജോസ് കെ.മാണി അനുകൂലികളുടെ ഇപ്പോഴത്തെ തീരുമാനം. ആയതുകൊണ്ടുതന്നെ എന്നെ അവസാനവട്ട ഒത്തുതീർപ്പ് ശ്രമങ്ങളും ജോസ് കെ മാണി വിഭാഗം സജീവമാക്കിയിട്ടുണ്ട്. പി.ജെ ജോസഫിന് അനുമതിയില്ലാതെ സംസ്ഥാനസമിതി ചേർന്നാൽ വിമത നീക്കം ചൂണ്ടിക്കാട്ടി ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും സൂചനയുണ്ട്. നേതാക്കൾ തമ്മിലുള്ള വാക്പോരിന് പുറമെ ഏറ്റുമുട്ടൽ തെരുവിലേക്കും വ്യാപിച്ചിരുന്നു. ഇരുവിഭാഗവും കോലം കത്തിച്ചതിനെതിരെ യൂത്ത് ഫ്രണ്ട് രംഗത്തെത്തി. നേതാക്കളുടെ കോലം കത്തിക്കുന്നത് മലർന്നു കിടന്നു തുപ്പുന്നു തുല്യമാണെന്ന് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.