ഷാജുവിനെയും സക്കറിയാസിനെയും വീണ്ടും പ്രതിരോധത്തിലാക്കി ജോളിയുടെ മൊഴി. അരിഷ്ടത്തില്‍ വിഷം കലര്‍ത്തി സിലിയെ കൊല്ലാന്‍ ശ്രമിച്ചത് ഷാജുവിന്റെ സഹായത്തോടെയാണെന്ന് ജോളി മൊഴി നല്‍കി. തന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് ആദ്യം സംസാരിച്ചത് ഷാജുവിന്റെ പിതാവ് സക്കറിയാസാണെന്നും ജോളി മൊഴി നല്‍കി. ജോളിയെ ഇന്നും അന്വേഷണ സംഘം ചോദ്യം ചെയ്യും.
അന്വേഷണ സംഘത്തിന് മുന്നില്‍ ഷാജുവിനും പിതാവ് സക്കറിയാസിനുമെതിരെ ജോളി വീണ്ടും മൊഴി നല്‍കി. സിലി ഉപയോഗിച്ചിരുന്ന അരിഷ്ടത്തില്‍ വിഷം കലര്‍ത്താന്‍ ഷാജു സഹായം നല്‍കിയതായി ജോളി അന്വേഷണ സംഘത്തോട് പറഞ്ഞു. സിലി കൊല്ലപ്പെടുമെന്ന വിവരം ഷാജുവിന് നേരത്തെ അറിയാമായിരുന്നുവെന്ന മൊഴി ജോളി അന്വേഷണ സംഘത്തോട് ആവര്‍ത്തിച്ചു. ആശുപത്രിയില്‍ സിലിയുടെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരികരിച്ച ഉടന്‍ തൊട്ടടുത്തുണ്ടായിരുന്ന ഷാജുവിന് ജോളി തന്റെ ഫോണില്‍ നിന്നും സന്ദേശം അയച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തി. ഷാജുവിന്റെ രണ്ടാം കല്യാണത്തിന് മുന്‍കയ്യെടുത്തത് സക്കറിയാസാണെന്നാണ് ജോളി അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി.
സിലിയുടെ സഹോദരനാണ് രണ്ടാം വിവാഹത്തിന് മുന്‍കയ്യെടുത്തതെന്നായിരുന്നു നേരത്തെ സക്കറിയാസും ഷാജുവും പറഞ്ഞിരുന്നത്. വടകര വനിതാ സെല്ലില്‍ താമസിപ്പിച്ചിരുന്ന ജോളിയെ അവിടെനിന്നും റൂറല്‍ എസ്.പി ഓഫീസിലെത്തിച്ചായിരുന്നു അന്വേഷണ സംഘം ചോദ്യം ചെയ്തത്. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഉന്നത പൊലീസ് സംഘം അന്വേഷണ പുരോഗതി വിലയിരുത്തി. അതേസമയം കട്ടപ്പനയിലെ ജോളിയുടെ ബന്ധുവിനെ വിളിച്ച് വരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്തു. പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. സിലിയുടെ സ്വര്‍ണം കട്ടപ്പനയിലെത്തിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ ജോളിയുടെ ബന്ധുക്കളില്‍ നിന്നും വീണ്ടും മൊഴിയെടുക്കും .