India Kerala

സിലിയെ കൊല്ലാനായി ജോളി മൂന്ന് തവണ സയനൈഡ് നൽകി

സിലിയെ കൊല്ലാനായി ജോളി മൂന്ന് തവണ സയനൈഡ് നൽകിയതായി അന്വേഷണ സംഘം. ഭക്ഷണത്തിലും വെള്ളത്തിലും ഗുളികയിലും സയനൈഡ് കലർത്തിയാണ് നൽകിയത്. അമ്മ അവസാനമായി ഭക്ഷണം കഴിച്ചത് ജോളിയുടെ വീട്ടിൽ നിന്നാണെന്ന് സിലിയുടെ മകൻ പൊലീസിന് മൊഴി നൽകി.

സിലി കൊലപാതക കേസിൽ കസ്റ്റഡിയിൽ കിട്ടിയ മുഖ്യ പ്രതി ജോളിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. വടകര തീരദേശ ഇൻസ്പെക്ടറുടെ നേതൃത്വത്തിലായിരുന്നു. ചോദ്യം ചെയ്യൽ. സിലിയുടെ മരണം ഉറപ്പുവരുത്താൻ മൂന്ന് തവണ സയനൈഡ് നൽകിയതായി ജോളി മൊഴി നൽകി. 2016 ജനുവരി 11നായിരുന്നു സിലിയുടെ മരണം. അന്നേ ദിവസം മണിക്കൂറുകൾക്കുള്ളിലാണ് സിലിക്ക് ഭക്ഷണത്തിലും, ഗുളികയിലും, വെള്ളത്തിലുമായി സയനൈഡ് നൽകിയത്. താമരശേരി ദന്താശുപത്രിയിൽ കുഴഞ്ഞു വീണ സിലിയെ തൊട്ടടുത്ത ആശുപത്രിയിലെത്തിക്കാതെ ജോളി ഓമശ്ശേരിയിലേക്ക് കൊണ്ട് പോയതും മരണം ഉറപ്പുവരുത്താനായിരുന്നു.

അവസാനമായി സിലി ഭക്ഷണം കഴിച്ചത് ജോളിയുടെ വിട്ടിൽ നിന്നായിരുന്നുവെന്ന് മകൻ പൊലീസിന് മൊഴി നൽകി. ഇതോടെ വിവാഹ സത്ക്കാരത്തിനിടെ സിലിക്ക് ഭക്ഷണത്തിൽ സയനൈഡ് ചേർത്ത് നൽകിയെന്ന ജോളി നേരത്തെ നൽകിയ മൊഴി കള്ളമാണെന്ന് വ്യക്തമായി. ആശുപത്രിയിൽ നിന്നും ജോളി ഏറ്റുവാങ്ങിയ സിലിയുടെ സ്വർണം കട്ടപ്പനയിൽ എത്തിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ സംശയം. ഇത് കണ്ടെത്താനായി ജോളിയെ കട്ടപ്പനയിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

സിലിയെ കൊല്ലാന്‍ ഉപയോഗിച്ച സയനൈഡ് എവിടെ നിന്നും ലഭിച്ചതാണെന്ന് കണ്ടത്തുകയാവും അന്വേഷണ സംഘത്തിന്റെ പ്രധാന വെല്ലുവിളി. കൂടാതെ ജോളി കുറ്റകൃത്യത്തിന് ഉപയോഗിച്ച കാറും അതിന്റെ രേഖകളും ഇത് വരെ പൊലീസിന് കണ്ടെത്താന്‌ ആയിട്ടില്ല. ജോളിയെ ചോദ്യം ചെയ്യുന്നതോടെ ഇത് കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. കഴിഞ്ഞ ദിവസം ജോളിയുടെ ഫോണില്‍ നിന്നും ജോളിയുടെ അടുത്ത കൂട്ടുകാരികളുടെ വിവരങ്ങള്‍ ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിക്കും.