കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയെ ഇന്ന് അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. സിലി വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ചോദ്യം ചെയ്യുക. കൊലയ്ക്ക് ശേഷം ജോളി കൈവശപ്പെടുത്തിയ സിലിയുടെ സ്വര്‍ണവും കൊലപാതകത്തിന് ഉപയോഗിച്ച സയനൈഡിന്റെ കുപ്പിയും കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
സിലി വിധക്കേസില്‍ ഈ മാസം 26 വരെയാണ് ജോളിയെ താമരശേരി കോടതി കസ്റ്റഡിയില്‍ വിട്ടത്. സിലിയുടെ മരണ ശേഷം അവര്‍ ഉപയോഗിച്ചിരുന്ന സ്വര്‍ണം ജോളിയാണ് ഏറ്റുവാങ്ങിയതെന്ന് ആശുപത്രി രേഖയിലുണ്ട്. ഈ സ്വര്‍ണം കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. സ്വര്‍ണം കണ്ടെത്തുന്നതിനായി ജോളിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോവാനും സാധ്യതയുണ്ട്. ഗുളികയില്‍ സയനൈഡ് പുരട്ടിയാണ് ജോളി സിലിയെ കൊലപ്പെടുത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ ഗുളികയെ കുറിച്ചുള്ള വിവരവും ഇതിന്റെ ഉറവിടവും അന്വേഷണ സംഘത്തിന് കണ്ടെത്തേണ്ടതുണ്ട്. ജോളിക്ക് ഒന്നില്‍ കൂടുതല്‍ പലരില്‍ നിന്നായി സയനൈഡ് ലഭിച്ചിട്ടുണ്ടെന്ന് പൊലീസിന്റെ നിഗമനം.
സിലിയെ കൊല്ലാന്‍ ഉപയോഗിച്ച സയനൈഡ് എവിടെ നിന്നും ലഭിച്ചതാണെന്ന് കണ്ടത്തുകയാവും അന്വേഷണ സംഘത്തിന്റെ പ്രധാന വെല്ലുവിളി. കൂടാതെ ജോളി കുറ്റകൃത്യത്തിന് ഉപയോഗിച്ച കാറും അതിന്റെ രേഖകളും ഇത് വരെ പൊലീസിന് കണ്ടെത്താന് ആയിട്ടില്ല. ജോളിയെ ചോദ്യം ചെയ്യുന്നതോടെ ഇത് കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. കഴിഞ്ഞ ദിവസം ജോളിയുടെ ഫോണില്‍ നിന്നും ജോളിയുടെ അടുത്ത കൂട്ടുകാരികളുടെ വിവരങ്ങള്‍ ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിക്കും.