India Kerala

കൂടത്തായ് കേസ്; പ്രതികളെ മൂന്ന് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടും

കസ്റ്റഡി കാലാവധി അവസാനിക്കുന്നതോടെ കൂടത്തായി കൊലപാതക കേസുകളിലെ മുഖ്യപ്രതി ജോളിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളെ മൂന്ന് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെടും. ചില വിവരങ്ങള്‍ കൂടി പ്രതികളില്‍ നിന്ന് ലഭിക്കാനുണ്ടെന്ന നിലപാടിലാണ് പൊലീസ്. അതേസമയം വ്യാജ ഒസ്യത്ത് കേസില്‍ ജയശ്രീയുടെ പങ്കിനെക്കുറിച്ച് ജില്ലാ കലക്ടര്‍ അന്വേഷിക്കും. ജയശ്രീയോടും മുന്‍ വില്ലേജ് ഓഫീസര്‍മാരോടും ഹാജരാവാന്‍ കലക്ടര്‍ സാംബശിവറാവു നിര്‍ദേശം നല്‍കി.

ഈ മാസം പത്തിനാണ് താമരശേരി കോടതി ജോളിയെ 6 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. 11 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. റോയ് തോമസിന്റെ മരണത്തിലായിരുന്നു പൊലീസ് ജോളിയെയും മറ്റ് രണ്ട് കൂട്ടുപ്രതികളെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. ഈ കേസില്‍ കോടതി 6 ദിവസത്തേക്ക് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മറ്റ് 5 മരണങ്ങളില്‍ കൂടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 5 ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കേസുകളില്‍ അന്വേഷണം നടത്തുന്നത്.

ഈ കേസുകളുടെ കൂടി പശ്ചാത്തലത്തില്‍ കൂടുതല്‍ ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടേക്കും. കേസുകളുടെ വേരുകള്‍ കട്ടപ്പനയിലും കോയമ്പത്തൂരിലുമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇവിടെ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. ഇക്കാര്യം കൂടി പൊലീസ് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തും. അതേസമയം റോജോയുടെയും റെഞ്ചിയുടെയും മൊഴിയെടുപ്പ് ഇന്നും തുടരും. ജോളിയുടെ മക്കളായ റെമോ, റെനോള്‍ഡ് എന്നിവരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.