India Kerala

ജോളിക്കെതിരായ കേസ് തെളിയിക്കാന്‍ സഹായകരമായിരുന്ന 3 നിര്‍ണ്ണായക സാക്ഷികള്‍ മരിച്ചുപോയെന്ന് അന്വേഷണ സംഘം

ജോളി ജോസഫിനെതിരായ കേസ് കോടതിയില്‍ തെളിയിക്കാന്‍ സഹായകരമായിരുന്ന മൂന്ന് നിര്‍ണ്ണായക സാക്ഷികള്‍ മരിച്ചുപോയെന്ന് അന്വേഷണ സംഘം.വ്യാജ വില്‍പത്രത്തിന്റെ നികുതി സ്വീകരിച്ച കൂടത്തായി വില്ലേജ് അസിസ്റ്റന്റ് സുധീര്‍ 2015 ല്‍ മരിച്ചു. റോയ് തോമസിന്റെ പോസ്റ്റുമോര്‍ട്ടം നത്തിയ ഡോ.ആര്‍ സോനുവും ജീവിച്ചിരിപ്പില്ല. ജോളിയുടെ ഭൂമി ഇടപാടില്‍ ഇടനിലക്കാരനായിരുന്ന എന്.എം.എസ് നാസര്‍ 2016ലാണ് മരിച്ചത്.

ജോളി ജോസഫിന്റെ ഭര്‍ത്താവ് റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് കണ്ടെത്തിയത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മെഡിസിന്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന ഡോ ആര്‍ സോനുവായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ആഗസ്ത് 5ന് സോനു മരിച്ചു. ജീവിച്ചിരുന്നുവെങ്കില്‍ കൂടത്തായി കേസ് കോടതിയില്‍ എത്തുമ്പോള്‍ പ്രോസിക്യൂഷന് ഏറ്റവും സഹായകരമാകുമായിരുന്ന സാക്ഷിയാകുമായിരുന്നു ഡോ.സോനു.

പൊന്നാമറ്റത്തെ റോയിയുടെ വീടും സ്ഥലവും വ്യാജവില്‍പത്രം ഉപയോഗിച്ച് ജോളി കൈവശപ്പെടുത്തിയ സമയത്ത് കൂടത്തായി വില്ലേജ് അസിസ്റ്റന്റായിരുന്ന സുധീറും മരിച്ചുപോയി.2015 ജൂലൈ ഒന്നിനായിരുന്നു സുധീറിന്റെ മരണം.അസുഖബാധിതനായി 3 മാസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞതിന് ശേഷമായിരുന്നു സുധീര്‍ മരിച്ചത്. സംശയസാഹചര്യത്തില്‍ മരിച്ച രാമക്യഷ്ണന്റെ എന്‍.ഐ.ടിക്ക് സമീപത്തെ 5 ഏക്കര്‍ ഭൂമി വിറ്റതിന്റെ ഇടനിലക്കാരന്‍ എന്‍.എം.എസ് നാസറായിരുന്നു. ഈ വില്‍പ്പനയില്‍ കിട്ടിയ 55 ലക്ഷം രൂപ കാണാനില്ലെന്ന പരാതി മകന്‍ നല്‍കിയിരുന്നു. രാമകൃഷ്ണന്റെ അസ്വാഭാവിക മരണത്തില്‍ ജോളിക്ക് പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ആ കേസും അന്വേഷിക്കുന്നുണ്ട്. ഇടപാട് സംബന്ധിച്ച് നിര്‍ണ്ണായക വിവരം നല്‍കാന്‍ കഴിയുമായിരുന്ന നാസര്‍ 2016ലാണ് മരിച്ചത്.