കോഴിക്കോട്: കേരളക്കര ഞെട്ടലോടെ കേട്ട വാര്‍ത്തയാണ് കൂടത്തായി കൂട്ട മരണങ്ങള്‍. സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമമുണ്ട് എന്ന സംശയത്തില്‍ തുടങ്ങിയ കേസിന്റെ അന്വേഷണം ഇപ്പോള്‍ ആറ് പേരുടെ മരണത്തിലാണ് എത്തിയിരിക്കുന്നത്. നിലവിലെ അന്വേഷണ സംഘത്തിന്റെ കൈയ്യില്‍ നില്‍ക്കാത്ത അത്ര ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്നാണ് തെളിയുന്നത്.
ഈ സാഹചര്യത്തില്‍ അന്വേഷണ സംഘം വിപുലീകരിക്കാന്‍ തീരുമാനിച്ചു. മാത്രമല്ല, മരിച്ച ലിസിയുടെ കുടുംബങ്ങളെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചു. കൂടാതെ ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ സഹോദരന്‍ റോജോയെയും അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ട്. ജോളിയുടെ നീക്കത്തില്‍ സംശയമുണ്ടെന്ന ആദ്യം പറഞ്ഞ വ്യക്തി റോജോയാണ്. പുതിയ വിവരങ്ങള്‍ ഇങ്ങനെ…..
പോലീസ് സംശയിക്കുന്നത്
ആറ് കൊലപാതകങ്ങള്‍ക്ക് പിന്നിലും ജോളിയുടെ കരങ്ങളുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതിന്റെ തെളിവുകള്‍ ശേഖരിക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്ന് പോലീസ് പറയുന്നു. കേസില്‍ ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തട്ടാറാക്കിയിട്ടുണ്ട്.
സിലിയുടെ ബന്ധുക്കള്‍ മൊഴി നല്‍കി
ജോളിയുടെ നിലവിലെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയും മകളും മരിച്ചിട്ടുണ്ട്. സിലിയുടെ ബന്ധുക്കളെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചു. സഹോദരന്‍ സിജു, സഹോദരി, അമ്മാവന്‍ എന്നിവരെല്ലാം പോലീസില്‍ മൊഴി നല്‍കി.
റോജോയെ വിളിപ്പിക്കും
ജോളിയുടെ നീക്കങ്ങള്‍ പൊളിയാന്‍ കാരണം ആദ്യ ഭര്‍ത്താവ് റോയിയുടെ സഹോദന്‍ റോജോ നടത്തിയ അന്വേഷണമാണ്. ഇദ്ദേഹത്തെ വിളിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. എന്‍ഐടിയില്‍ ജോളിക്ക് ജോലിയില്ലെന്ന് ആദ്യം കണ്ടെത്തിയത് റോജോയാണ്.
ഇങ്ങനെ ഒരു അധ്യാപികയില്ല
റോജോ എന്‍ഐടിയില്‍ പോയി ജോളിയെ തിരക്കിയിരുന്നു. ഇങ്ങനെ ഒരു അധ്യാപികയില്ലെന്നാണ് അവിടെ നിന്ന് ലഭിച്ച വിവരം. തുടര്‍ന്നാണ് സംശയം ബലപ്പെട്ടതത്രെ. ഇക്കാര്യം ജോളിയോട് ചോദിച്ചപ്പോള്‍ അവര്‍ ദേഷ്യപ്പെടുകയാണ് ചെയ്തതെന്നാണ് വിവരം.
രക്തസാംപിള്‍ ശേഖരിക്കും
റോയിയുടെ സഹോദരങ്ങളുടെ രക്തസാംപിള്‍ പോലീസ് ശേഖരിച്ചേക്കും. കല്ലറകളില്‍ നിന്ന് ലഭിച്ച മൃതദേഹ അവശിഷ്ടങ്ങളുടെ ഡിഎന്‍എയുമായി താരതമ്യം ചെയ്യും. സംശയമുള്ളവരുടെയും ബന്ധുക്കളുടെയും മൊഴികള്‍ എടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
ജോളിയെ കസ്റ്റഡിയില്‍ വാങ്ങും
അതിനിടെ, ജോളിയെ കസ്റ്റഡിയില്‍ വാങ്ങാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. രണ്ടാഴ്ച കസ്റ്റഡി വേണമെന്നാണ് ആവശ്യപ്പെടുക. ലഭിച്ച മൊഴികളില്‍ വിശദീകരണം ലഭിക്കുന്നതിനും കൂടുതല്‍ വ്യക്തത വരുന്നതിനും ജോളിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട് എന്നാണ് പോലീസ് പറയുന്നത്.