കോണ്‍ഗ്രസിന്റെ റോഡ് ഉപരോധത്തിലെ സംഘര്‍ഷത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്. പ്രതി ജോസഫിനെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെടാനാണ് സാധ്യത.
ഇന്നലെയാണ് എറണാകുളം വൈറ്റില സ്വദേശി പി.ജി ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കാര്‍ തകര്‍ത്തതിനിടെ ജോസഫിന്റെ കൈ മുറിഞ്ഞിരുന്നു. ഐഎന്‍ടിയുസി പ്രവര്‍ത്തകന്‍ കൂടിയാണ് ജോസഫ്.
അതേസമയം കേസിലെ പ്രതിയായ മുന്‍ കൊച്ചി മേയര്‍ ടോണി ചെമ്മണി ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്യാനാണ് തീരുമാനം. ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. റോഡ് ഉപരോധവുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉള്‍പ്പെടെ 15 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇന്ധന വില വര്‍ധനവിനെതിരെ വൈറ്റില- ഇടപ്പള്ളി ദേശീയപാത ഉപരാധിച്ചതാണ് കേസ്. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാംപ്രതി. ഹൈവേ ഉപരോധിച്ചതിനും ജോജുവിന്റെ വാഹനം തകര്‍ത്തതിനും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരിക്കും അറസ്റ്റ്.