Kerala

വൈദ്യ പരിശോധന കഴിഞ്ഞു; ജോജു ജോർജ് മദ്യപിച്ചിട്ടില്ലെന്ന് പൊലീസ്

ഇന്ധന വിലവർധനവിനെതിരായ യൂത്ത് കോൺഗ്രസ് സമരത്തിനെതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജ് മദ്യപിച്ചിട്ടില്ലെന്ന് പൊലീസ്. അല്പ സജയം മുൻപ് നടത്തിയ വൈദ്യ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. മദ്യപിച്ചെത്തിയ നടൻ സമരം അലങ്കോലപ്പെടുത്തിയെന്നും സമരം നടത്തിയത് മുൻകൂട്ടി അനുമതി വാങ്ങിയതാണെന്നുമായിരുന്നു എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറഞ്ഞത്. മഹിളാ കോൺഗ്രസ് പ്രവർത്തകരെ ഉൾപ്പെടെ അധിക്ഷേപിച്ചെന്നും ജോജുവിനെതിരെ പരാതി നൽകുമെന്നും ഡിസിസി അധ്യക്ഷൻ പ്രതികരിച്ചിരുന്നു. (joju george didnt drink)

താൻ മദ്യപിച്ചിരുന്നില്ലെന്നും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ലെന്നും ജോജു പറഞ്ഞിരുന്നു. ഹൈക്കോടതി വിധി പ്രകാരം പൂർണമായും റോഡ് ഉപരോധിക്കരുതെന്നാണ്. അതുകൊണ്ടാണ് സമരക്കാരോട് പോയി പറഞ്ഞത്. ഇത് പോക്രിത്തരമാണെന്ന് ഞാൻ പറഞ്ഞു. അതിനവർ പറയുന്നത് ഞാൻ മദ്യപിച്ചിരുന്നു എന്നാണ്. ഞാൻ മുൻപ് മദ്യപിച്ചിരുന്നയാളാണ്. പക്ഷേ, ഇപ്പോൾ മദ്യപിച്ചിട്ടില്ല. അവരെൻ്റെ വണ്ടി തല്ലിപ്പൊളിച്ചു. എൻ്റെ അപ്പനെയും അമ്മയെയും അവർ പച്ചത്തെറി വിളിച്ചു. എന്നെ അവർക്ക് തെറി പറയാം. പക്ഷേ, എൻ്റെ അപ്പനും അമ്മയും എന്ത് ചെയ്തു? സിനിമാനടനായതുകൊണ്ട് പ്രതികരിക്കരുതെന്നുണ്ടോ? ഇത് രാഷ്ട്രീയവത്കരിക്കരുത്. ഇത് ഷോ അല്ല. ഇതെൻ്റെ പ്രതിഷേധമാണ്. അവർ കേസ് കൊടുത്തോട്ടെ. ഞാൻ നേരിടും. ഞാനും പരാതി കൊടുക്കും. ഞാൻ സ്ത്രീകളോട് മോശമായി പെരുമാറിയെന്നാണ് വേറൊരു പരാതി. ഒരു കാര്യത്തിനു പ്രതിഷേധച്ചതിനു വന്നതാണ് ആ പരാതി. ഞാൻ ഒരു സ്ത്രീയോടും മോശമായി പെരുമാറിയില്ല. എൻ്റെ വാഹനത്തിൻ്റെ തൊട്ടടുത്ത് കീമോയ്ക്ക് കൊണ്ടുപോകുന്ന ഒരു കുട്ടിയുണ്ടായിരുന്നു. അവരൊക്കെ ശ്വാസം വിടാൻ പറ്റാതെ നിൽക്കുകയായിരുന്നു. ഇതിൻ്റെ പേരിലുള്ള സംസാരം കഴിഞ്ഞു. ഇനിയാരും ഇക്കാര്യം ചോദിക്കാൻ തന്നെ വിളിക്കരുതെന്നും ജോജു പറഞ്ഞു. ഇടപ്പള്ളി വൈറ്റില ദേശീയപാതയിലായിരുന്നു എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധം. പ്രതിഷേധക്കാർ ദേശീയ പാത ഉപരോധിച്ചതോടെ വലിയ ഗതാഗതക്കുരുക്ക് രൂപ്പപെട്ടു. പ്രതിഷേധത്തിനെതിരെ നടൻ ജോജു ജോർജും രംഗത്തെത്തി. ഇതേ തുടർന്ന് ജോജുവിന്റെ കാർ കോൺഗ്രസ് പ്രവർത്തകർ അടിച്ചുതകർത്തു. ജോജു ജോർജ് മാപ്പ് പറയാതെ വിടില്ലെന്നായിരുന്നു സമരക്കാരുടെ ആവശ്യം. എന്നാൽ, കൂടുതൽ പൊലീസ് ഇടപെട്ട് ജോജുവിനെ സുരക്ഷിതമായി മരട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.