Kerala

ജോജുവിന്റെ കാർ തകർത്ത കേസ്; പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ജോജു ജോജുവിന്റെ കാർ തകർത്ത കേസിൽ മുൻ കൊച്ചി മേയർ ടോണി ചമ്മിണി ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധിപറയുക . അതേസമയം ജോജു ജോർജിനെതിരെ മഹിളാ കോൺഗ്രസ് നൽകിയ പരാതിയിൽ പൊലീസ് കേസ് എടുക്കാത്തതിൽ പ്രതിഷേധിച്ച് മരട് പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് ഇന്ന് മാർച്ച് നടത്തും. അടിയന്തിരമായി കേസ് എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.

നടൻ ജോജു ജോർജുമായുള്ള വിഷയത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം കടുപ്പിച്ചിരിക്കുകകയാണ്. എറണാകുളം ഷേണായിസ് തീയറ്ററിന് മുന്നിൽ നടന്റെ ചിത്രമുള്ള റീത്ത് വച്ചാണ് കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. ജോജു അഭിനയിച്ച ചിത്രത്തിൻറെ പോസ്റ്റർ നീക്കിയില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

ഇന്ധന വിലവർധനക്കെതിരെ കൊച്ചി വൈറ്റിലയിൽ കോൺഗ്രസ് നടത്തിയ ഉപരോധത്തിനെതിരെ ജോജു നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് നടന്റെ കാർ തകർക്കപ്പെട്ടത്. കേസിൽ ടോണി ചമ്മിണി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, ജെർജസ്, വൈറ്റില ബൂത്ത് പ്രസിഡന്റ് ജോസ് മാളിയേക്കൽ എന്നിവരാണ് റിമാന്റിൽ കഴിയുന്നത്.യൂത്ത് കോൺഗ്രസ് നേതാവ് ഷെരീഫ്, ഐഎൻടിയുസി പ്രവർത്തകൻ ജോസഫ് എന്നിവരും കേസിൽ അറസ്റ്റിലായിരുന്നു. കേസിൽ ഏഴ് പ്രതികളാണ് ആകെയുള്ളത്. സമരവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. ജോജുവും തിരിച്ചറിഞ്ഞവരാണ് പ്രതികളാക്കിയിരിക്കുന്ന ഏഴ് പേരും.