India Kerala

കൊട്ടാക്കമ്പൂര്‍ ഭൂമി ഇടപാടിലെ തിരിച്ചടി: ജോയ്സ് ജോർജ് പ്രതിരോധത്തില്‍

കൊട്ടാക്കമ്പൂരിലെ ഭൂമി ഇടപാടിലേറ്റ തിരിച്ചടി മുൻ എം.പി ജോയ്സ് ജോർജിനെ കൂടുതൽ പ്രതിരോധത്തിലാക്കും. പട്ടയം റദ്ദാക്കിയ ദേവികുളം സബ് കലക്ടറുടെ നടപടിയിൽ സി.പി.എമ്മും വെട്ടിലായിരിക്കുകയാണ്. കയ്യേറ്റകാർക്ക് എതിരെ കർശന നടപടി എടുക്കുമെന്ന് പറയുമ്പോഴും ആരോപണമുയർന്ന സമയങ്ങളിൽ ജോയ്സിനെ സംരക്ഷിച്ച നിലപാടിൽ വരും ദിവസങ്ങളിൽ സി.പി.എം വിശദീകരണം നൽകേണ്ടിവരും.

2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്രനായി മത്സരിച്ച ജോയ്സ് ജോർജ് നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ചിരുന്ന സത്യവാങ്‌മൂലത്തിലായിരുന്നു കൊട്ടാക്കമ്പൂരിൽ ഭൂമിയുണ്ടെന്ന് പരാമർശിച്ചിരുന്നത്. തുടർന്നാണ് കൊട്ടാക്കമ്പൂർ ഭൂമി ഇടപാട് വിവാദമായത്. വിഷയത്തിൽ പ്രതിഷേധം ശക്തമായതോടെ ജോയ്സ് ജോർജും കുടുംബവും നടത്തിയ കയ്യേറ്റത്തെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം ഇടുക്കി ജില്ലാ നേതൃത്വം ഉൾപ്പെടെ സ്വീകരിച്ചത്. മന്ത്രി എം.എം മണി അടക്കം ജോയ്സിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇവരോടൊപ്പം മന്ത്രി എം.എം മണി ഉൾപ്പെടെയുള്ള എൽ.ഡി.എഫ് നേതൃത്വവും വരും ദിവസങ്ങളിൽ വിഷയത്തിൽ വിശദീകരണം നൽകേണ്ടി വരും.

ഭൂമി വിവാദത്തിൽ നിയമ നടപടികൾ ഉൾപ്പെടെയുള്ളവയ്ക്ക് പിന്നിൽ പ്രവർത്തിച്ചത് പി.ടി തോമസും ഡീൻ കുര്യാക്കോസും അടങ്ങുന്ന കോൺഗ്രസ് നേതാക്കളാണ്. എൽ.ഡി.എഫ് ഭരണത്തിൽ കൊട്ടാക്കമ്പുർ വിവാദത്തിൽ സി.പി.ഐ ജില്ലാ നേതൃത്വത്തിന്റെ നിലപാടും ശ്രദ്ധേയമായി. ഭൂമി കയ്യേറ്റത്തിൽ ജോയ്സിന് എതിരായ ആരോപണം ശരിയാണെന്ന് തെളിഞ്ഞത് ജോയ്സ് ജോർജിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വിലങ്ങ് തടിയാകും.

ഭൂമിയുടെ ഉടമസ്‌ഥാവകാശം തെളിയിക്കുന്നതിന് മതിയായ രേഖകൾ ഹാജരാക്കാൻ കഴിയാതെ വന്നതോടെയാണ് ജോയ്സ് ജോർജിന്റെയും കുടുംബത്തിന്റെയും പേരിലുള്ള പട്ടയവും തണ്ട പേരും റദ്ദ് ചെയ്ത് ദേവികുളം സബ് കലക്ടർ രേണു രാജ് ഉത്തരവിറക്കിയത്.