വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് വീണ്ടും തട്ടിപ്പ്. യുക്രൈനില്‍ കുടുങ്ങിയ യുവാക്കളാണ് തിരുവനന്തപുരത്തെ അസീസി ഓവര്‍സീസ് സ്ഥാപനത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. യുക്രൈനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനുള്ള രേഖകളെല്ലാം തട്ടിപ്പ് സംഘം തടഞ്ഞ് വെച്ചിരിക്കുകയാണെന്നും വധഭീഷണിയുണ്ടെന്നും ഇവര്‍ മീഡിയവണിനോട് പറഞ്ഞു.
കൊല്ലം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യുവാക്കളാണ് യുക്രൈനില്‍ തൊഴില്‍ തട്ടിപ്പിന് ഇരയായത്. ഫ്രാന്‍സിസ് ആല്‍ബര്‍ട്ട്, മകന്‍ ഫിനോള്‍ഡ്, ഫ്രാന്‍സിസ് എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന തിരുവനന്തപുരം വെള്ളയമ്പലത്തുള്ള അസീസി ഓവര്‍സിസ് എന്ന കമ്പനിക്കെതിരെയാണ് പരാതി. യുക്രൈനില്‍ പഠനവും അതേ മേഖലയില്‍ തൊഴിലും ഉറപ്പ് നല്‍കി 5 ലക്ഷത്തിലധികം രൂപ വാങ്ങി. യുക്രൈനില്‍ എത്തിച്ച ശേഷം ഹോട്ടലില്‍ ജോലി ചെയ്യിച്ചു. എന്നാല്‍ ഒരു വര്‍ഷത്തോളമായി ഇതിന്‍റെ ശമ്പളം പോലും നല്‍കിയിട്ടില്ലെന്ന് പരാതിക്കാര്‍ പറയുന്നു.
പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ റിക്രൂട്ടിംഗ് കമ്പനി തിരികെ നല്‍കാത്തത് മൂലം മടങ്ങാന്‍ കഴിയുന്നില്ല. യുക്രൈനില്‍ ജീവന് ഭീഷണിയുണ്ടെന്നും ഒളിച്ച് താമസിക്കുകയാണെന്നും ഇരുവരും പറയുന്നു. നിലവില്‍ കമ്പനി ഉടമകളെ പരാതി അറിയിക്കാന്‍ ബന്ധപ്പെടാന്‍ പോലും ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. തട്ടിപ്പ് നടത്തിയിട്ടില്ലെന്നാണ് കമ്പനിയിലെ ജീവനക്കാരുടെ വിശദീകരണം.