Kerala

“പൊന്നാപുരം കോട്ട മുൻപ് തകർക്കപ്പെട്ടിട്ടുണ്ട്, ഇക്കുറി അത് ആവർത്തിക്കും”; ഡോ. ജോ ജോസഫ്

തൃക്കാക്കരയിൽ വിജയം ഉറപ്പെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ്. മുൻപും പൊന്നാപുരം കോട്ടകൾ തകർക്കപ്പെട്ടിട്ടുണ്ടെന്നും ഇക്കുറി അത് ആവർത്തിക്കപ്പെടുമെന്നും ജോ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. വിജയിച്ചുകഴിഞ്ഞാൽ എംഎൽഎ ഓഫീസിനോട് ചേർന്ന് എല്ലാ മാസവും സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“യാതൊരു സംശയവുമില്ല. ഇപ്രാവശ്യം തൃക്കാക്കര ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് സെഞ്ചുറി വിജയം നേടിക്കൊടുക്കാൻ പോവുകയാണ്. ഒരു സംശയവും അതിൽ ഇല്ല. എല്ലാ ജനവിഭാഗങ്ങളും ഒരു മാറ്റം ആഗ്രഹിക്കുന്നു. തൃക്കാക്കര കേരളത്തിൻ്റെ പരിഛേദമാണ്. എല്ലാ ഭാഗത്തുനിന്നുമുള്ള ജനങ്ങൾ താമസിക്കുന്ന സ്ഥലമാണ്. അതുകൊണ്ട് തന്നെ കേരളത്തിൽ നടക്കുന്നത് എന്താണെന്ന് കൃത്യമായി അറിയാവുന്ന ആൾക്കാരാണ്. കേരളത്തിൽ നടക്കുന്ന വികസനക്കുതിപ്പിനൊപ്പമാകാൻ തൃക്കാക്കരയ്ക്കും ആവണം എന്നവർ നിശ്ചയിച്ച് ഉറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പ് നടന്നപ്പോൾ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്നത്. ആ സമയത്ത് തൃക്കാക്കര മാറിച്ചിന്തിച്ചിരുന്നു. അതിനു ചില പ്രത്യേക കാരണങ്ങളുമുണ്ടായിരുന്നു. ഇപ്പോൾ കാരണങ്ങളൊന്നുമില്ല. അതുകൊണ്ട് തന്നെ ഇപ്രാവശ്യം ഭരണമുന്നണിയുടെ എംഎൽഎ ഉണ്ടായാൽ മാത്രമേ ഇവിടുത്തെ വികസന പ്രവർത്തനങ്ങൾ നടക്കുകയുള്ളൂ എന്ന് ജനങ്ങൾക്ക് കൃത്യമായി അറിയാം. അതുകൊണ്ട് തന്നെ ഒരു സംശയവുമില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇവിടെ നേടും.”- ജോ ജോസഫ് പറഞ്ഞു.

“കോട്ടകളൊക്കെ പലതും അട്ടിമറിയ്ക്കുന്നഗത് നിങ്ങളൊക്കെ കണ്ടതല്ലേ? കോന്നി ഒരു കോട്ട അല്ലായിരുന്നോ? വട്ടിയൂർക്കാവ് ഒരു കോട്ട അല്ലായിരുന്നോ? 25 വർഷം മുൻപ് റാന്നി ഒരു കോട്ട അല്ലായിരുന്നോ? കോട്ടകൾ അട്ടിമറിയ്ക്കപ്പെട്ടിട്ടുണ്ട്. അത് ഇവിടെയും സംഭവിക്കും. കേരളം ഒരു പ്രബുദ്ധമായ സംസ്ഥാനമാണ്. ആ സംസ്ഥാനത്ത് പ്രബുദ്ധമായ രാഷ്ട്രീയമാണ് വേണ്ടത്. ഇവിടെ ആരാണ് അത് ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചതെന്ന് ജനങ്ങൾ കൃത്യമായി വിലയിരുത്തുകയും ചെയ്യും. എല്ലായിടത്തും പരമാവധി ഓടിയെത്തിയിട്ടുണ്ട്. വിജയിച്ചുകഴിഞ്ഞാൽ എല്ലാ മാസവും എംഎൽഎ ഓഫീസിനോട് ചേർന്ന് എല്ലാ മാസവും സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.”- അദ്ദേഹം കൂട്ടിച്ചേർത്തു.