Kerala

സമുദായത്തിന്റെ സ്ഥാനാര്‍ത്ഥിയല്ല, ജോ ജോസഫ് പി സി ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥി: വി ഡി സതീശന്‍

തൃക്കാക്കരയില്‍ സിപിഐഎം ടിക്കറ്റില്‍ മത്സരിക്കുന്ന ജോ ജോസഫ് സമുദായത്തിന്റെ സ്ഥാനാര്‍ഥിയല്ല മറിച്ച് പി സി ജോര്‍ജിന്റെ സ്ഥാനാര്‍ഥിയാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ഥിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സിപിഐഎം ശ്രമിച്ചുവെന്നാണ് വി ഡി സതീശന്റെ വാദം. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന് ഒരു യുഡിഎഫ് നേതാവും പറഞ്ഞിട്ടില്ല. സഭയുടെ ചിഹ്നത്തിന്റെ പശ്ചാത്തലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വാര്‍ത്താ സമ്മേളനം നടത്തിയെന്ന ആരോപണവും വി ഡി സതീശന്‍ ഉന്നയിച്ചു. സഭയെ വലിച്ചിഴച്ചത് മന്ത്രി പി രാജീവാണെന്നും വി ഡി സതീശന്‍ പറഞ്ഞു. സിപിഐഎം ജില്ലാ സെക്രട്ടറിയും മന്ത്രിയും തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെയാണ് സ്ഥാനാര്‍ഥിയെ മാറ്റിയതെന്നും വി ഡി സതീശന്‍ ആരോപിച്ചു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ വിധിയെഴുത്താകുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. തൃക്കാക്കരയില്‍ പി ടി തോമസ് വിജയിച്ചതിനെക്കാള്‍ വലിയ ഭൂരിപരക്ഷത്തോടെ ഉമ തോമസ് ജയിക്കുമെന്ന് വി ഡി സതീശന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയപ്പോള്‍ കോണ്‍ഗ്രസ് രാഷ്ട്രീയ പോരാട്ടത്തിന് തയാറാകണമെന്ന് എല്‍ഡിഎഫ് വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സിപിഐഎം ഈ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാണോ രാഷ്ട്രീയ പോരാട്ടം നടത്തുന്നതെന്ന ചോദ്യമാണ് ഉയര്‍ന്നുവരുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു. പി സി ജോര്‍ജിന്റെ അനുഗ്രഹം വാങ്ങിയാണ് ജോ ജോസഫ് മത്സരിക്കാനിറങ്ങുന്നത്. വാ തുറന്നാല്‍ വിഷം തുപ്പുന്ന പി സി ജോര്‍ജിനെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചിട്ട് വരുന്നായാളാണോ സ്ഥാനാര്‍ഥിയെന്ന ചോദ്യത്തിന് ഉത്തരം സിപിഐഎമ്മുകാര്‍ പറയണമെന്ന് വി ഡി സതീശന്‍ ആഞ്ഞടിച്ചു.

തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ഇപ്പോള്‍ കല്ലിടല്‍ നടക്കുന്നില്ല. ഈ നഗരത്തിലെ ജനങ്ങള്‍ ഗൗരവകരമായി കേരളത്തെക്കുറിച്ച് ചിന്തിക്കുന്നവരാണ്. ഈ പദ്ധതി കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്നവരാണെന്ന് ഈ നഗരത്തിലെ ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. ആ ഭയമുള്ളതിനാലാണ് കല്ലിടല്‍ നടപടികള്‍ നിര്‍ത്തിവച്ചത്. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോഴും കല്ലിടുന്നത് നിര്‍ത്തിയിരുന്നു. ആളുകളെ ബൂട്ട്‌സിട്ട് ചവിട്ടല്‍, സ്ത്രീകളെ വലിച്ചിഴയ്ക്കല്‍ മുതലായ കാര്യങ്ങളൊന്നും ഇപ്പോള്‍ നടക്കുന്നില്ല. സര്‍ക്കാരിന്റെ വെല്ലുവിളിയൊന്നും ഇപ്പോള്‍ കാണുന്നില്ലല്ലോ? ഇതെല്ലാം സര്‍ക്കാരിന് പേടിയുണ്ടെന്നാണ് തെളിയിക്കുന്നത്. വി ഡി സതീശന്‍ പറഞ്ഞു.