Kerala

കവി അക്കിത്തത്തിന് ജ്ഞാനപീഠ സമർപ്പണം ഇന്ന്; ചടങ്ങുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കവി അക്കിത്തത്തിന് ജ്ഞാനപീഠ സമർപ്പണം ഇന്ന്. ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന ചടങ്ങുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ ബാലൻ അക്കിത്തത്തിന് പുരസ്‌കാരം സമ്മാനിക്കും. ഒരു സ്‌കൂളിൽ പഠിച്ച രണ്ട് പേരും ജ്ഞാനപീഠം ജേതാക്കൾ. അത് കുമരനെല്ലൂരിന് മാത്രം അവകാശപ്പെടാവുന്ന അക്ഷര പെരുമ.

മഹാകവി പിച്ചവെച്ച നാട്ടിടവഴികൾക്ക് ഇന്ന് അഭിമാനം വാനോളമെത്തിയ ദിനം. വൈകിയെങ്കിലും അക്കിത്തമെന്ന നൂറ്റാണ്ടിന്റെ ഇതിഹാസത്തെ നെഞ്ചേറ്റി പുരസ്‌കാര നിറവിൽ അഭിമാനം കൊള്ളുകയാണ് കുമരനെല്ലൂർ.

ഒരുക്കങ്ങളെല്ലാം പൂർത്തിയായി. കവിയുടെ ആരോഗ്യ പ്രശ്‌നങ്ങൾ മാത്രമാണ് നാട്ടുകാരെ അലട്ടുന്നത്. 12 മണിക്ക് മന്ത്രി എകെ ബാലൻ കുമരനെല്ലൂരിൽ കവി പാർക്കുന്നിടത്തെത്തി ജ്ഞാനപീഠ പുരസ്‌കാരം സമർപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ പരിപാടി ഉദ്ഘാടനം ചെയ്യും. അക്ഷരങ്ങളുടെ അനുഗ്രഹം ആവോളമുള്ള ഗ്രാമത്തിന് അഭിാനിക്കാൻ ഇതിൽ കൂടുതൽ എന്ത് വേണം. കുമരനെല്ലൂരുകാരൻ ലോകത്തിന് മുന്നിൽ തലയുയർത്തുകയാണ്. മഹാകവി ഒരായിരം നന്ദി. ഈ മണ്ണിൽ പിറന്നതിന്. ഞങ്ങളോടൊപ്പം ഈ നൂറ്റാണ്ടിൽ ജീവിച്ചതിന്.