India Kerala

നെഹ്റു ഗ്രൂപ്പ് ചെയര്‍മാനെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ ജിഷ്ണുവിന്‍റെ കുടുംബം സുപ്രീംകോടതിയിലേക്ക്

നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതില്‍ നിരാശയിലാണ് ജിഷ്ണു പ്രണോയിയുടെ കുടുംബം. കൃഷ്ണദാസ് കുറ്റക്കാരനാണെന്ന് തന്നെയാണ് ജിഷ്ണുവിന്റെ അമ്മ മഹിജ ഉറച്ചുവിശ്വസിക്കുന്നത്. സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുകയാണിവര്‍.

ഏറെ പ്രതീക്ഷയോടെയാണ് സി.ബി.ഐ അന്വേഷണത്തിന് കുടുംബം ആവശ്യപ്പെട്ടത്. എന്നാല്‍ കൃഷ്ണദാസിനെ വെറുതെ വിട്ടതില്‍ നിരാശയിലാണ് കുടുംബം. സി.ബി.ഐ ഒറ്റത്തവണ മാത്രമാണ് കുടുംബത്തിന്റെ മൊഴിയെടുത്തതെന്ന് അമ്മ മഹിജ പറയുന്നു. കുറ്റക്കാരായ വൈസ് പ്രിന്‍സിപ്പലും ഇന്‍വിജിലേറ്ററും മാത്രം എങ്ങനെയാണ് കുറ്റക്കാരാകുന്നതെന്നാണ് അവര്‍ ചോദിക്കുന്നത്.

എന്തിനായിരുന്നു മകനെ ഇല്ലാതാക്കിയത്? തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കോളജില്‍ നിന്ന് പറഞ്ഞ് വിട്ടാല്‍ മതിയായിരുന്നുവെന്നും മഹിജ പറഞ്ഞു. നീതികിട്ടാന്‍ സുപ്രീംകോടതിയെ സമീപിക്കാനിരിക്കുകയാണ് ജിഷ്ണുവിന്‍റെ കുടുംബം. മകന്‍ നഷ്ടപ്പെട്ട വേദനയില്‍ നീറി കഴിയുകയാണ് മഹിജയും കുടുംബവും.